NEWS

അഞ്ചാം വയസില്‍ കാണാതായ മകളെ 22 വര്‍ഷത്തിനു ശേഷം തിരിച്ചുകിട്ടിയ ആഹ്ലാദത്തില്‍ അമ്മ, ഇത്ര കാലം മകൾ ജീവിച്ചത് കോഴിക്കോട്

അച്ഛൻ കാളുമുത്തുവിന്റെ പരിചയക്കാരനായ വയോധികനും കുട്ടിക്കുമൊപ്പം അഞ്ജലി 22 വർഷം മുമ്പ് വീടുവിട്ടു പോയതാണ്. അന്നവൾക്ക് 5 വയസാണു പ്രായം. പിന്നീടവൾ തിരിച്ചുവന്നില്ല. മകൾ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ചൈത്രയും കാളുമുത്തുവും ആദ്യം പരാതി നല്‍കിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. പക്ഷേ അന്വേഷണത്തില്‍ അഞ്ജലിയെ കണ്ടെത്താനായില്ല

ചിക്കമംഗളൂരു: 22 വര്‍ഷം മുമ്പ് അഞ്ചാം വയസില്‍ ചിക്കമംഗളൂരുവില്‍ നിന്ന് കാണാതായ മകളെ അമ്മയ്ക്ക് തിരിച്ചുകിട്ടി. സാമൂഹ്യ പ്രവര്‍ത്തകനായ മോണുവും സുഹൃത്തുക്കളും നടത്തിയ പരിശ്രമത്തിനൊടുവിലാണ് കോഴിക്കോട് ജില്ലയില്‍ നിന്ന് മകൾ അഞ്ജലിയെ കണ്ടെത്തിയത്. നഗരത്തിൽ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ സജി എന്നയാളുടെ ഭാര്യയായി ജീവിച്ചു വരികയായിരുന്നു അഞ്ജലി. മൂഡിഗെരെയിലെ ലോകവല്ലി ഗ്രാമത്തിലെ ഒരു എസ്റ്റേറ്റില്‍ കൂലിപ്പണി ചെയ്തു കഴിയുന്ന അമ്മ ചൈത്രക്കരികില്‍ കഴിഞ്ഞ ദിവസം അഞ്ജലി എത്തി. 22 വര്‍ഷത്തിന് ശേഷം മകളെ കണ്ട ആഹ്ലാദത്തിനിടെ അഞ്ജലിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ചൈത്ര.

തമിഴ്‌നാട് സ്വദേശികളായ കാളുമുത്തു-ചൈത്ര ദമ്പതികള്‍ 22 വര്‍ഷം മുമ്പ് ചിക്കമംഗളൂരു ജില്ലയിലെ മുത്തിഗെപുര ഗ്രാമത്തിലെ എസ്റ്റേറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ മകള്‍ അഞ്ജലി, കാളുമുത്തുവിന്റെ പരിചയക്കാരനായ വയോധികനും കുട്ടിക്കുമൊപ്പം എങ്ങോട്ടോ പോയി. പിന്നീട് അഞ്ജലി തിരിച്ചുവന്നില്ല. ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ദമ്പതികള്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കി. പക്ഷേ അന്വേഷണത്തില്‍ മകൾ എവിടെയാണെന്ന് കണ്ടെത്താനായില്ല. വയോധികനും കുട്ടിക്കുമൊപ്പം പോയ അഞ്ജലി അവരുടെ വീട്ടില്‍ കുറച്ചുനാൾ താമസിച്ചു. പിന്നീട് കോഴിക്കോട് സ്വദേശി സജിയെ വിവാഹം കഴിച്ച് മൂന്ന് കുട്ടികളുണ്ടായി. അടുത്തിടെ മംഗളൂരു സ്വദേശിയായ മുസ്തഫ കോഴിക്കോട് എത്തി. സജിയുമായി സൗഹൃദത്തിലായ മുസ്തഫ അയാളുടെടെ ഭാര്യ അഞ്ജലിയെക്കുറിച്ച് ചോദിച്ചപ്പോഴാണ്, 22 വര്‍ഷം മുമ്പ് മൂഡിഗെരെയില്‍ നിന്ന് കാണാതായ പെൺകുട്ടി കോഴിക്കോട് എത്തിയതും വളര്‍ന്ന് വിവാഹിതയായതും അടക്കമുള്ള കാര്യങ്ങള്‍ അറിഞ്ഞത്.
അമ്മയെ കണ്ടെത്തണമെന്ന് അഞ്ജലി മുസ്തഫയോട് ആവശ്യപ്പെട്ടു.
മുസ്തഫ ഇക്കാര്യം മോണുവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് നടത്തിയ ഇടപെടലിലൂടെയാണ് അഞ്ജലിയും അമ്മയും ഒന്നിച്ചത്.

Back to top button
error: