MovieNEWS

‘കപ്പേള’യുടെയും കന്നഡ ചിത്രമായ ‘ഗരുഡ ഗമന വൃഷഭ വാഹന’ത്തിന്റെയും തമിഴ് റീമേക്ക് സ്വന്തമാക്കി ഗൗതം മേനോന്‍

അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് കപ്പേള. 2020ല്‍ പുറത്തിറങ്ങിയ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ നായികയായ അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്തു.

കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു. അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രം നിര്‍മ്മിച്ച സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് തെലുങ്ക് റീമേക്ക് സ്വന്തമാക്കിയത്. അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് മലയാളി താരം അനിഖ സുരേന്ദ്രനാണ്.

ഇപ്പോള്‍ കപ്പേളയുടെ തമിഴ് റീമേക്ക് സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകനും നടനുമായ ഗൗതം മേനോന്‍. ചിമ്പു നായകനാവുന്ന ‘വെന്ത് തനിന്തത് കാട്’ എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷം കപ്പേളയുടെ റീമേക്കിലേക്ക് കടക്കുമെന്നാണ് അറിയുന്നത്. താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല.

അതേസമയം കന്നഡയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി വന്‍ വിജയമായി മാറിയ ‘ഗരുഡ ഗമന വൃഷഭ വാഹന’ എന്ന ചിത്രത്തിന്റെയും റീമേക് അവകാശം ഗൗതം മേനോന്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ ചിത്രം കണ്ട ഗൗതം വാസുദേവ് മേനോന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പികുകയായിരുന്നു.

‘കെഎഫ്ജി’ക്കും ‘യു ടേണി’നും ശേഷം കന്നഡയില്‍ ഏറ്റവും കൂടിയ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നുകൂടിയാണ് ‘ഗരുഡ ഗമന വൃഷഭ വാഹന’. ലൈറ്റര്‍ ബുദ്ധ ഫിലിംസിന്റെ ബാനറില്‍ രാജ് ബി. ഷെട്ടിയും റിഷബ് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: