ഭയാനകമായ ശബ്ദത്തെ തുടർന്നാണ് ആശുപത്രിയിലുണ്ടായിരുന്ന രോഗികളടക്കം ഇറങ്ങിയോടിയത്
വയനാട്: സുൽത്താൻ ബത്തേരി ടൗണിലെ ഡോ. അപ്പുക്കുട്ടൻ മെമ്മോറിയൽ ആശുപത്രിയോടു ചേർന്ന് ജല അതോറിറ്റിയുടെ സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന ടവറിനു മീതെയുള്ള പഴക്കം ചെന്ന ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ 40 അടിയോളം ഉയരത്തിൽ നിന്ന് കൂറ്റൻ ടാങ്ക് നിലംപതിച്ചത് പരിഭ്രാന്തി പരത്തി. രാത്രി എട്ടോടെയായിരുന്നു സംഭവം.ടാങ്ക് വീണ് ആശുപത്രിയുടെ മതിൽ തകർന്നു. ഇതിനിടയിൽ ഭൂമികുലുക്കം എന്ന് കരുതി ആശുപത്രിയിൽ നിന്നും രോഗികൾ ഇറങ്ങിയോടുകയും ചെയ്തു.
ഭയാനകമായ ശബ്ദത്തെ തുടർന്നാണ് ആശുപത്രിയിലുണ്ടായിരുന്ന രോഗികളടക്കം ഇറങ്ങിയോടിയത്. പലർക്കും വീണും തല ഭിത്തിയിലിടിച്ചും വീണ്ടും പരുക്കുകളേൽക്കുകയും ചെയ്തു. ആശുപത്രിയിലുള്ള പലരും ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. രാത്രിയായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാലും എന്താണ് സംഭവിച്ചതെന്നറിയാൻ അൽപം വൈകി.ആശുപത്രിയുടെ പാർക്കിങ് ഏരിയയുടെയും വഴിയുടെയും ചുറ്റുമതിലിലേക്കാണ് ടാങ്ക് വീണത്.
അതേസമയം മുന്നറിയിപ്പുകളൊന്നുമില്ലാതെയാ ണ് ടാങ്ക് പൊളിച്ചതെന്നു പരാതിയുണ്ട്.മതിൽ പൊളിഞ്ഞ ഭാഗത്ത് വാഹനങ്ങൾ പാർക്കു ചെയ്തിട്ടില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.