NEWS

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്ക് വീട്ടില്‍ സുഖപ്രസവം

വെമ്പായം മേലെപള്ളിക്കല്‍ വീട്ടില്‍ നിയാസിന്റെ ഭാര്യ ഷെഹിന ഇന്ന് പുലർച്ചെയാണ് ഒരാൺ കുഞ്ഞിന് ജന്മം നല്‍കിയത്. കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തിലാണ് യുവതിക്ക് വീട്ടില്‍ സുഖപ്രസവം നടന്നത്

ന്ന് (തിങ്കൾ) പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. വെമ്പായം മേലെപള്ളിക്കല്‍ വീട്ടില്‍ നിയാസിന്റെ ഭാര്യ ഷെഹിനയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സാധിച്ചില്ല.
ഇതിനിടയില്‍ ബന്ധുക്കളില്‍ ഒരാള്‍ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ ഓടി എത്തി. അപ്പോഴാണ് കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളജില്‍ രോഗിയെ ആക്കി മടങ്ങി വന്നത്.

ബന്ധു ഉടനെ വിവരം ആംബുലന്‍സില്‍ ഉണ്ടായിരുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൂര്യയോടും പൈലറ്റ് അനൂപിനോടും പറഞ്ഞു. സംഭവം 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച ശേഷം ഇരുവരും ഉറക്കം പോലും വേണ്ടന്നു വച്ച് ഉടൻ സംഭവ സ്ഥലത്ത് എത്തി. സൂര്യ നടത്തിയ പരിശോധനയില്‍ ഷെഹിനയുടെ ആരോഗ്യനില മോശമാണെന്നും പ്രസവം എടുക്കാതെ ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയില്ല എന്നും മനസിലാക്കി. വീട്ടില്‍ വെച്ച്‌ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.

പുലര്‍ച്ചെ 4. 29ന് സൂര്യയുടെ പരിചരണത്തില്‍ ഷെഹിന കുഞ്ഞിന് ജന്മം നല്‍കി. പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അമ്മയെയും കുഞ്ഞിനേയും ആംബുലന്‍സിലേക്ക് മാറ്റി. ഉടന്‍ തന്നെ ഇരുവരെയും പൈലറ്റ് അനൂപ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: