ബെംഗളൂരു: പ്രാര്‍ത്ഥനാ ചടങ്ങെന്ന പേരില്‍ അയല്‍ക്കാരെ മതംമാറ്റുന്നുവെന്ന് ആരോപിച്ച് ബെലഗാവിയില്‍ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങ് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞു. തുക്കനാട്ടി ഗ്രാമത്തില്‍ ചെരുപ്പുനിര്‍മ്മാണ തൊഴിലാളിയായ അക്ഷയുടെ അഞ്ചംഗ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ സാരി അടക്കം വലിച്ചുകീറി.
ദളിത് വിഭാഗത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ച ഇവര്‍ സമീപവാസികളെയും ക്രൈസ്തവ മതത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പ്രാര്‍ത്ഥനയ്ക്ക് ശേഷം കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണവും അക്രമികള്‍ തട്ടികളഞ്ഞു. ചൂടുകറി വീണ് ഒരു സ്ത്രീക്ക് പൊള്ളലേറ്റു.
കുടുംബത്തിന്‍റെ പരാതിയില്‍ തീവ്രഹിന്ദുസംഘടനാ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് തുമക്കൂരുവില്‍ ദളിത് കുടുംബത്തിന്‍റെ ക്രിസ്തുമസ് ഘോഷം തടഞ്ഞത്. മാണ്ഡ്യയില്‍ മിഷനിറി സ്കൂളില്‍ നടന്ന ക്രിസ്തുമസ് ആഘോഷപരിപാടികള്‍ തീവ്ര ഹിന്ദുസംഘടനകള്‍ തടഞ്ഞിരുന്നു.