സുന്ദരമായ സ്ഥലങ്ങൾ.മനോഹരങ്ങളായ റെയിൽവേ സ്റ്റേഷനുകൾ.എത്രയെത്ര സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനുകൾ..! കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്.എന്നാൽ ഇന്ന് നഷ്ടക്കണക്കുകളുടെ കരിങ്കൽ ചീളുകൾ നിരത്തി ഈ പാതയെ പാടെ അവഗണിക്കുകയാണ് റെയിൽവേ.
കോവിഡ് കാലത്ത് നിർത്തിവെച്ച പാസഞ്ചർ ട്രെയിനുകളൊന്നും ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. നിലമ്പൂർ-കോട്ടയം എക്സ്പ്രസും രാജ്യറാണി എക്സ്പ്രസുമാണ് നിലവിൽ ഇതുവഴി സർവീസ് നടത്തുന്ന ട്രെയിനുകൾ.ഇതിൽ രാജ്യറാണി എക്സ്പ്രസ് ഷൊർണൂരിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്.കോവിഡിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 23-ന് ഈ പാതയിൽ കൂടിയുള്ള തീവണ്ടികൾ ഓട്ടം നിർത്തിയത്.
ഷൊർണൂർ-നിലമ്പൂർ പാതയിൽ 1927-ൽ ആണ് തീവണ്ടി സർവീസ് തുടങ്ങിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ പാളം പൊളിച്ചുകൊണ്ടുപോയതിനെത്തുടർന് ന് ദീർഘകാലം സർവീസ് മുടങ്ങിയിരുന്നു.പിന്നീട് യുദ്ധം കഴിഞ്ഞ് പാളം പുനഃസ്ഥാപിച്ചാണ് സർവീസുകൾ തുടങ്ങിയത്.
ബംഗളൂരു, മൈസൂരു നഗരങ്ങളെ കേരളവുമായി ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന നിലമ്പൂർ നഞ്ചൻഗോഡ് പാതയുടെ നിർമ്മാണവും ഏതാണ്ട് ഉപേക്ഷിച്ച മട്ടിലാണ് റെയിൽവേ.നിലമ്പൂരില്‍ നിന്നും തുടങ്ങി സുല്‍ത്താൻ ബത്തേരി, തമിഴ്നാട്ടിലെ ദേവാല വഴി വനത്തിലൂടെ മൈസൂരിന് സമീപമുള്ള നഞ്ചൻഗോഡ് എത്തുന്നതാണ് പദ്ധതി. ദൂരം 236 കിലോമീറ്റര്‍. 4266 കോടിയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഉള്‍പ്പെടെ ഈ വഴി ബംഗലൂരുവിലേക്ക് പോയാല്‍ 76 കിലോമീറ്ററാണ് ലാഭം. ഒപ്പം ഹൈദരാബാദ്, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, നാഗ്പൂർ, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗവും.
ഷൊർണ്ണൂർ, പെരിന്തൽമണ്ണ, നിലമ് പൂർ, ചുങ്കത്തറ, ദേവാല, ഗൂഡല്ലൂ ർ, സുൽത്താൻ ബത്തേരി,നൻജൻഗോഡ് വഴി മൈസൂരിൽ എത്തുന്നതാണ് ഈ പാത.ഇവിടുത്തെ വിനോദസഞ്ചാരമേഖലയുടെ വികസനത്തിന് നിർണായക പങ്ക് വഹിക്കുവാൻ കഴിയുമെങ്കിലും റെയിൽവേ അതൊന്നും കണ്ടതായി നടിക്കുന്നില്ല.
ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളാണുള്ളത്. വാടാനംകുറിശ്ശി, വല്ലപ്പുഴ, കുലുക്കല്ലൂർ, ചെറുകര, അങ്ങാടിപ്പുറം, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊടിയപ്പുലം, വാണിയമ്പലം എന്നിവയാണ് മനോഹരങ്ങളായ ആ റെയിൽവേ സ്റ്റേഷനുകൾ.എല്ലാം ചെറിയ സ്റ്റേഷനുകളാണ്. ചെറുതെങ്കിലും ഗ്രാമീണഭംഗി വിളിച്ചോതുന്ന തീര്‍ത്തും ഉള്‍ഗ്രാമത്തിലായാണ് സ്റ്റേഷനുകൾ. ബസ് റൂട്ട് കുറവായ ഈ നാട്ടുകാരുടെ പ്രധാന ആശ്രയവും ട്രെയിനാണ്.
കമൽ സംവിധാനം ചെയ്ത കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനും ഷൊര്‍ണൂര്‍-നിലമ്പൂര്‍ റെയില്‍പാതയുമായിരുന്നു.നാദിയ കൊല്ലപ്പെട്ട രാത്രി,നമ്പര്‍ ട്വന്റി മദ്രാസ് മെയിൽ(പകുതിയിലേറെ ഭാഗങ്ങൾ) തുടങ്ങിയ സിനിമകളുടെ ചിത്രീകരണവും ഈ പാതയിലായിരുന്നു.