NEWS

‘ഗണപത്’ലൂടെ റഹ്മാൻ ബോളീവുഡിൽ ചുവടുറപ്പിക്കുന്നു, പുതുവർഷം താരത്തിന് ഭാഗ്യവർഷം

ദേശീയ അവാർഡ് ജേതാവും ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ വികാസ് ബാലിൻ്റെ രണ്ടു ഭാഗങ്ങളുള്ള ‘ഗണപത്’ എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെഹിന്ദി സിനിമയിലേക്ക് ചുവട് വയ്ക്കുകയാണ് റഹ്മാൻ. ഒപ്പം തമിഴ് മലയാളം ഭാഷകളിലായി അനവധി ചിത്രങ്ങൾ റഹ്മാൻ്റേതായി അണിഞ്ഞൊരുങ്ങുന്നു

തെന്നിന്ത്യൻ സിനിമയിലെ നിത്യഹരിത നായകൻ റഹ്മാന് ഇനി തിരക്കിൻ്റെ കാലം.
പുതു വർഷവും തുടർന്നുള്ള നാളുകളും വൻ പ്രോജാക്റ്റുകളുടെ തിരക്കുകളിലാണ് താരം. രണ്ടു ഭാഗങ്ങളുള്ള , മണിരത്നത്തിൻ്റെ ഡ്രീം പ്രോജാക്റ്റ് ‘പൊന്നിയിൻ സെൽവൻ’ പൂർത്തിയാക്കിയ റഹ്മാൻ ഒരു ബ്രഹ്‌മാണ്ഡ ഹിന്ദി സിനമയിലൂടെ ബോളിവുഡിലും ചുവടുറപ്പിക്കയാണ് പുതു വർഷത്തിൽ.
മൂന്ന് ദേശീയ അവാർഡുകളും മറ്റ് ഒട്ടനവധി അവാർഡുകളും നേടിയിട്ടുള്ള ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ വികാസ് ബാലിൻ്റെ രണ്ടു ഭാഗങ്ങളുള്ള ‘ഗണപത്’ എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെയാണ് ഹിന്ദിയിലേക്കുള്ള ചുവട് വെയ്പ്പ്. ക്യൂൻ, സൂപ്പർ 30, ചില്ലാർ പാർട്ടി തുടങ്ങി ഒട്ടേറേ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്ത സംവിധായകനാണ് വികാസ്. ടൈഗർഷറഫ്, റഹ്മാൻ, കൃതി സനോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഗണപത്’ ഏറെ വ്യത്യസ്തതയാർന്ന ഫ്യൂച്ചറിസ്റ്റിക് സിനിമയാണ്.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി ലണ്ടനിൽ ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിലാണ് റഹ്മാൻ. മകളുടെ വിവാഹം പ്രമാണിച്ച് ഒരാഴ്ചത്തെ ഇടവേളയിൽ ലണ്ടനിൽ നിന്നും ചെന്നൈയിൽ എത്തിയ താരം ഹിന്ദി സിനിമയിലെയ്ക്കുള്ള ചുവടു വെയ്പ്പിനെ കുറിച്ചും ആ അനുഭവങ്ങളെ കുറിച്ചും സംസാരിക്കുന്നു:

“മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഷൂട്ടിങ്ങിനായി ലണ്ടനിൽ എത്തിയത്. അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്നു മാസം മുൻപ് തന്നെ ഡയറക്ടറും സംഘവും ചാർട്ടിങ്ങും പൂർത്തിയാക്കിയിരുന്നു. പൊതുവെ തെന്നിന്ത്യൻ ആർട്ടിസ്റ്റ്കളോടും മറ്റും ബോളിവുഡ്കാർക്ക് അവഗണനയാണ് എന്നായിരുന്നു കേട്ടറിവ്. എന്നാൽ ആ ധാരണകൾക്ക് വിരുദ്ധമായിരുന്നു എൻ്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ്, ചിട്ട, കൃത്യ നിഷ്ഠ, ഡിസിപ്ലിൻ, എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പ ചെറുപ്പമില്ലാതെ, തൊഴിലാളി- ആർട്ടിസ്റ്റ് ഭേദമന്യേ തികഞ്ഞ സൗഹൃദത്തോടെയാണ് പെരുമാറ്റം. ഇതൊക്കെ എന്നെ അത്ഭുതപ്പെടുത്തി. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ്മാൻമാരും സൗഹൃദത്തോടെ പെരുമാറുന്ന ആ കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു…”
സഹനടീനടന്മാരെക്കുറിച്ചും താരം വാചലനായി:

“ടൈഗർ ഷറഫിൻ്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽ തന്നെ നമുക്കും ഇതു പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്ര നല്ല സ്നേഹത്തിൻ്റെയും പെരുമാറ്റത്തിൻ്റെയും ഉടമയാണ്. അതു പോലെ കൃത്യനിഷ്ഠയുടെ കാര്യത്തിലും മുമ്പനാണ്.

‘കൃതി’യുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീർഘകാല പരിചയക്കാരെ പോലെ നിറഞ്ഞ സ്നേഹത്തോടെ പെരുമാറി. അവർ ഓരോ സീനും ചെയ്യുന്നതിനും മുമ്പായി ‘നമുക്ക് അങ്ങനെ ചെയ്യാമോ’ ‘ഇങ്ങനെ ചെയ്യാമോ’ എന്ന് അഭിപ്രായം ആരായും. അത്രയധികം അർപ്പണ മനോഭാവമുള്ള താരമാണ് കൃതി.

‘ബ്ലാക്ക്’ മുതലായ സിനിമകളുടെ നിർമ്മാതാവും ഒട്ടേറേ ഹിറ്റ് സിനിമകളുടെ രചയിതാവും സംവിധായകനും, ബോളിവുഡ് സിനിമയിലെ പ്രശസ്തനുമാണെങ്കിലും സ്നേഹത്തോടെ പെരുമാറുന്ന ജാടയില്ലാത്ത ആളാണ് വികാസ് ബാൽ . ആരെയും നോവിപ്പിക്കാത്ത നമ്മളിൽ ഒരാൾ എന്ന പോലെയാണ് അദ്ദേഹം ഇടപഴകുന്നത്. വികാസുമായി ഒരിക്കൽ അടുത്താൽ ആർക്കും അദ്ദേഹത്തെ പിരിയാൻ മനസ്സു വരില്ല. അതു പോലെ ബോളിവുഡിൽ തുടക്കക്കാരനായ എന്നോടുള്ള പ്രൊഡ്യൂസർമാരുടെ സഹകരണവും ട്രീറ്റ്മെൻ്റും എക്സലസെലൻ്റ് …. ഇങ്ങനെ ഒരു പാട് മധുരതരമായ അനുഭവങ്ങളാണ് ‘ഗണപതി’ൻ്റെ സെറ്റിൽ നിന്നും എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്.”
റഹ്മാൻ തൻ്റെ ബോളിവുഡ് അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് പറഞ്ഞു.

പൂജാ എൻ്റർടൈൻമെൻ്റ്സാണ് ‘ഗണപതി’ൻ്റെ നിർമ്മാതാക്കൾ. ലണ്ടനിലും ഇന്ത്യയിലുമായി അടുത്ത മാർച്ച് മാസത്തോടു കൂടി ഈ ബിഗ് ബജറ്റ് ബ്രഹ്‌മാണ്ഡ ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയാവും. തുടർന്നും റഹ്മാന് ഹിന്ദിയിൽ നിന്നും വൻ ഓഫറുകൾ ലഭിക്കുന്നു എന്നാണ് സൂചന. 2022 ൽ കൂടുതൽ മലയാള സിനിമകളിലും റഹ്മാൻ നായകനായി എത്തുന്നുണ്ട്. നവാഗത സംവിധായകൻ ചാൾസ് ജോസഫിൻ്റെ ‘സമാറ’യാണ് പുതു വർഷത്തിൽ ആദ്യം റിലീസിനൊരുങ്ങുന്ന റഹ്മാൻ്റെ മലയാള ചിത്രം. തുടർന്ന് മറ്റൊരു പുതുമുഖ സംവിധായകൻ അമൽ.കെ ജോബി അണിയിച്ചൊരുക്കുന്ന റഹ്മാൻ ചിത്രമായ ‘എതിരേ’യുടെ ഷൂട്ടിംഗ് ജനുവരിയിൽ ആരംഭിക്കും. റഹ്മാൻ നായകനാവുന്ന ‘അഞ്ചാമൈ’ , റഹ്മാൻ , ജയം രവി, അർജുൻ എന്നിവർ ഒന്നിക്കുന്ന മൾടി സ്റ്റാർ ചിത്രമായ ‘ജന ഗണ മന’, നടൻ വിശാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ‘തുപ്പറിവാളൻ 2’ , കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയാണ് റഹ്മാൻ്റെ മറ്റു തമിഴ് പ്രോജക്ടുകൾ.

സി. കെ അജയ് കുമാർ, ചെന്നൈ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: