വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തടയാന്‍ ചൂയിങ്ഗം വികസിപ്പിച്ച് ഗവേഷകര്‍. യു.എസിലെ പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഹെന്റി ഡാനിയേലും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ചൂയിങ്ഗം വികസിപ്പിച്ചത്.
കൊറോണ വൈറസിനെ തടയുന്ന സസ്യനിര്‍മിത പ്രോട്ടീനുകള്‍ ഉള്‍പ്പെടുത്തിയാണ് ചൂയിങ്ഗം നിര്‍മിച്ചിട്ടുള്ളത്. ഇതു ഉമിനീരിലെ വൈറസിന്റെ എണ്ണം കുറയ്ക്കുകയും രോഗവ്യാപനം തടയുകയും ചെയ്യുന്നു. ഉമിനീര്‍ ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരില്‍വെച്ച് നിര്‍വീര്യമാക്കുകയാണ് ചൂയിങ്ഗം ചെയ്യുന്നത്. രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വിദഗ്ദര്‍ പറയുന്നു.വൈറസുകള്‍ കോശങ്ങളിലെത്തുന്നത് തടയാന്‍ ചൂയിങ്ഗമിനു കഴിയുന്നുണ്ട്.
അതേസമയം, ചൂയിങ്ഗം ഉപയോഗിച്ചുള്ള പരീക്ഷണം കോവിഡ് രോഗികളില്‍ നടത്താനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് ഗവേഷകര്‍. ചൂയിങ്ഗം ഫലപ്രദവും സുരക്ഷിതവുമാണ്. രോഗികളെ പരിചരിക്കുന്നവരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ഇത് സഹായകരമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.