NEWS

ഒരു അനശ്വര പ്രണയകഥ, 35 വർഷത്തെ കാത്തിരിപ്പ്; വാര്‍ദ്ധക്യത്തിൽ പ്രണയ സാഫല്യം

കൈവിട്ടു പോയ കാമുകിയെ കാത്തിരുന്നത് 35 വർഷങ്ങൾ…! ഒരേ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഇരുവരും കളിക്കൂട്ടുകാരായിരുന്നു. സൗഹൃദം പ്രണയമായി മാറി. ഇരുകുടുംബങ്ങള്‍ക്കും പരസ്പരം അറിയാമായിരുന്നിട്ടും ചിക്കണ്ണയുടെ പ്രണയം അവഗണിച്ച് ജയമ്മയെ മറ്റൊരാൾക്കു വിവാഹം കഴിപ്പിച്ചു കൊടുത്തു ആ മാതാപിതാക്കള്‍. ഒടുവിൽ…

പ്രണയം മനസിനുള്ളിൽ പൂത്തുവിടരുന്ന അനുഭൂതിയാണ്. അനുഭവിച്ചവർക്കേ അതിൻ്റെ സൗരഭ്യവും മാധുര്യവും തിരിച്ചറിയാനാവൂ. സമൂഹവും സമുദായവും വീട്ടുകാരുമൊക്കെ വാളും പരിചയും ഉയർത്തുമ്പോൾ കീഴടങ്ങുന്നവരാണ് മിക്ക പ്രണയിതാക്കളും. അങ്ങനെ കീഴടങ്ങാതെ 35വര്‍ഷങ്ങള്‍ കാത്തിരുന്ന ഒരു ‘നിരാശാകാമുക’ൻ്റെ കഥയാണിത്.
വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സഫലമാകാതെ പോയ പ്രണയം പൂവണിഞ്ഞത് 35വര്‍ഷത്തെ കാത്തിരിപ്പിനൊടുവിൽ വാര്‍ദ്ധക്യത്തില്‍.

ജയമ്മയും ചിക്കണ്ണയുമാണ് ഈ അനശ്വര പ്രണയകഥയിലെ നായികാനായകന്മാർ. എല്ലാ പരീക്ഷണങ്ങളെയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് 35 വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് ചിക്കണ്ണ തന്റെ പ്രണയിനിയെ സ്വന്തമാക്കിയത്.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ദേവരമുദ്ദനഹള്ളി ഗ്രാമത്തിലെ ജയമ്മയും ചിക്കണ്ണയും ചെറുപ്പത്തില്‍ തന്നെ വേര്‍പിരിഞ്ഞവരാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.

ഒരേ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ഇരുവരും കളിക്കൂട്ടുകാര്‍ ആയിരുന്നു. സൗഹൃദം പ്രണയമായി മാറി. ഇരുകുടുംബങ്ങള്‍ക്കും പരസ്പരം നന്നായി അറിയാമായിരുന്നിട്ടും നിര്‍മ്മാണത്തൊഴിലാളിയായ ചിക്കണ്ണയ്ക്ക് മകളെ വിവാഹം ചെയ്തുകൊടുക്കില്ലെന്ന കർശന നിലപാടിലായിരുന്നു ജയമ്മയുടെ മാതാപിതാക്കള്‍.
ഒടുവിൽ ആ പ്രണയിതാക്കളുടെ മനസുകളെ മുറിച്ചു മാറ്റിക്കൊണ്ട് മകളെ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തു ജയമ്മയുടെ അച്ഛനമ്മമാർ.
ജയമ്മയുടെ അനുവാദം പോലും ആരായാതെയായിരുന്നു വിവാഹം.

വിവാഹശേഷവും ജയമ്മ ഭര്‍ത്താവിനൊപ്പം അതേ ഗ്രാമത്തില്‍ താമസം തുടര്‍ന്നു. ദുഃഖം താങ്ങാനാവാതെ ചിക്കണ്ണ മൈസൂരിനടുത്തുള്ള മെറ്റഗള്ളി എന്ന ഗ്രാമത്തിലേക്ക് താമസം മാറി. അവിടെയും കൂലിപ്പണി ചെയ്തു ജീവിതം പുലർത്തി.
ജയമ്മ വിവാഹം കഴിച്ചെങ്കിലും ചിക്കണ്ണ വിവാഹിതനായില്ല. തന്റെ ജീവിതത്തില്‍ ജയമ്മയല്ലാതെ മറ്റൊരു പെണ്ണിന് സ്ഥാനമില്ലെന്ന് അയാൾ ഉറപ്പിച്ചു. ജയമ്മയുടെ വിവാഹത്തിന് ശേഷം അവര്‍ ഒരിക്കലും കണ്ടുമുട്ടിയില്ല.
സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ജയമ്മയുടെ ജീവിതത്തെക്കുറിച്ച് ചിക്കണ്ണ അറിയാറുണ്ടായിരുന്നു.

ദാമ്പത്യ ജീവിതത്തില്‍ ജയമ്മ സന്തുഷ്ടയായിരുന്നില്ല. അവര്‍ ഒരു മകനെ പ്രസവിച്ചു. വര്‍ഷങ്ങളായുള്ള നീരസത്തെത്തുടര്‍ന്ന് ഒടുവില്‍ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് വീടുവിട്ടു പോയി. ജയമ്മ പിന്നീട് മകനോടൊപ്പം താമസിക്കാന്‍ മൈസൂരിലേക്ക് മാറി. ഈ വിവരം അറിഞ്ഞ ചിക്കണ്ണ ജയമ്മയുമായി വീണ്ടും അടുത്തു. വാടിക്കരിഞ്ഞ പ്രണയവല്ലരി വീണ്ടും പൂത്തു തളിർത്തു. ഇരുവരും പരസ്പരം മോതിരം അണിയിച്ചു.

ജയമ്മയുടെ മകന് ഇപ്പോള്‍ 25 വയസ്സുണ്ട്, മൈസൂരില്‍ ഗതാഗത വകുപ്പില്‍ ജോലി ചെയ്യുന്നു. അമ്മയുടെ വിവാഹത്തെക്കുറിച്ച് അയാള്‍ക്ക് അറിയില്ല. ഇത് സ്വകാര്യമായി സൂക്ഷിക്കാന്‍ ദമ്പതികള്‍ ആഗ്രഹിക്കുന്നു.
‘‘അടുത്ത വര്‍ഷത്തോടെ ഞങ്ങളുടെ മകന്‍ വിവാഹിതനാകും. അതിനു ശേഷം ഞങ്ങള്‍ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തും…’’
ചിക്കണ്ണ പറഞ്ഞു.
ജയമ്മയുടെ മകനെ അദ്ദേഹം സ്വന്തം മകനായി അംഗീകരിച്ചു കഴിഞ്ഞു. വിവാഹചടങ്ങിന് ചില അടുത്ത ബന്ധുക്കള്‍ മാത്രമാണു പങ്കെടുത്തത്.

Back to top button
error: