ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാ നമായിരുന്നു കൊൽക്കത്ത.പിന്നീട് 1911- ലാണ് തലസ്ഥാനം ദില്ലിയിലേക്ക് മാറ്റു ന്നത്. 1867-മുതൽ കൊൽക്കത്ത ട്രാം വേയ്സ് കമ്പനിയുടെ ട്രാമുകൾ ഇവിടെ ഓടുന്നുണ്ട്. അതായത് 154 വർഷങ്ങൾ മുമ്പ് മുതൽ.രണ്ടു പ്രധാന റെയിൽവേ ടെർമിനലുകളാണ് കൊൽക്കത്തയിലുള്ളത്.പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങളുമായി ഹൗറ റെയിൽവേ ടെർമിനൽസും, കിഴക്കുള്ള പ്രദേശങ്ങളുമായി സിയാൽദ ടെർമിനൽസും.കൊൽക്കത്തയിലെ അന്താരാഷ്ട്രവിമാനത്താവളം ഡംഡം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നുമാണ്.ഒപ്പം
സബർബൻ റെയിൽവേ, കൊൽക്കത്ത മെട്രോ റെയിൽവേ.. തുടങ്ങി
പൊതുഗതാഗതത്തിനുള്ള സംവിധാനങ്ങൾക്ക് ഒട്ടും കുറവില്ല ഇവിടെ.എങ്കിലും ഇന്നും കൊൽക്കത്തയുടെ ജീവനാഡി എന്നുപറയുന്നത് സൈക്കിൾ റിക്ഷയും
മങ്ങിയ ചായം പുരട്ടിയ അവിടുത്തെ ബസുകളും ടാക്സികളുമാണ്.അതെ കൊൽക്കത്തക്കാർക്കെന്നും സെക്കന്റ് ക്ലാസ് നിറങ്ങളോടും യാത്രകളോടും കാഴ്ചകളോടുമാണ് പ്രിയം.അതുതന്നെയാണ് കൊൽക്കത്തയെ മറ്റ് ഇന്ത്യൻ നഗരങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നതും.
എന്തുതന്നെയാണെങ്കിലും വടക്കേ ഇന്ത്യയിലെ നഗരങ്ങളുടെ പിന്നാമ്പുറങ്ങളില്‍ കൂടെയുള്ള നടപ്പുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട്.പ്രത്യേകിച്ച് കൊൽക്കത്തയിൽ.ചിലപ്പോള്‍ അതൊരു ഒളിഞ്ഞുനോട്ടക്കാരന്റെ നൈമിഷിക സുഖം കൊണ്ടാവാം, പരിചിതമല്ലാത്ത കാഴ്ചകളുടെ കൗതുകം കൊണ്ടുമാവാം.നഗരങ്ങളുടെ തിരക്കുപിടിച്ച തെരുവുകളിലും, ഭക്ഷണശാലകളിലും ബാറുകളിലുമെല്ലാം നിങ്ങള്‍ക്ക് ആരുടേയും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കാതെ എന്നാല്‍ എല്ലാം ശ്രദ്ധിച്ച് അലഞ്ഞു തിരിയാം.ഇങ്ങനെ കൗതുകത്തിനൊപ്പം തന്നെ ഭീരുത്വവും കൊണ്ടു നടക്കുന്ന ഏതൊരുവനും ഏതു നഗരത്തിലും ധൈര്യപൂര്‍വ്വം കടന്നു ചെല്ലാന്‍ പറ്റുന്ന ഒരേയൊരു ഇടമാണ് ബാക്ക് സ്ട്രീറ്റ് ഏരിയകളെന്നറിയപ്പെടുന്ന ചുവന്ന തെരുവുകള്‍.
കാമാത്തിപുരയും ജിബി റോഡും സോനാഗച്ചിയും ബുധവാര്‍പേട്ടുമെല്ലാം ഈ പൊതു സ്വഭാവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. തിരക്കുപിടിച്ച ഉള്‍ നഗരങ്ങളിലെ ഈ തെരുവുകളില്‍ അര്‍ധ നഗ്‌നമായ സ്ത്രീ ശരീരങ്ങള്‍ മാത്രമല്ല വില്‍പനക്കു വെച്ചിരിക്കുന്നത്, പച്ചക്കറിയും പലചരക്കും തുണിത്തരങ്ങളും ഫാന്‍സി സാധനങ്ങളും തുടങ്ങി സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ വരെയുള്ള ഈ തെരുവുകളോട് ചേര്‍ന്ന് സാധാരണകുടുംബങ്ങള്‍ താമസിക്കുന്ന തെരുവുകളും ഫ്‌ലാറ്റുകളുമുണ്ട്.ഈ വഴികളിലൂടെയെല്ലാം ഒരു ഭയവും കൂടാതെ തനിച്ചും കുട്ടികളുടെകൂടെയും ഫാമിലിയോടൊത്തും വഴി നടക്കുകയും ഷോപ്പിംഗ് നടത്തുകയുമെല്ലാം ചെയ്യാം.
കാമാത്തിപുരയും സോനാഗച്ചിയും അടക്കമുള്ള ഇന്ത്യന്‍ ചുവന്ന തെരുവുകള്‍ ഒരു സാധാരണ വഴിയാത്രക്കാരന് നല്‍കുന്ന സുരക്ഷിതത്വം കേരളത്തിലെ വന്‍ നഗരങ്ങളിൽ രാത്രിയിൽ എന്നല്ല പകൽപ്പോലും കിട്ടുമോ എന്ന കാര്യത്തിൽ ഇന്ന് ഒരുപക്ഷെ സംശയമാണ്.വടക്കേ ഇന്ത്യയിലെ ചെറുതും വലുതുമായ പല പട്ടണങ്ങളിലും നഗരങ്ങളിലും ഇത്തരം ചുവന്ന തെരുവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നത് കൊണ്ടാവാം ഇവിടെയുള്ളവര്‍ക്കൊന്നും ഇതൊരു സംഭവമായി തോന്നാത്തതും.ഇവിടങ്ങളിൽ ലൈംഗിക അതിക്രമങ്ങളും കുറവാണ്.കേരളത്തിൽ ഇതൊന്നും നാട്ടുനടപ്പല്ലാത്തതുകൊണ്ടാവാം ഇത്രയധികം പീഡനവാർത്തകൾ ദിവസവും നമുക്ക് കേൾക്കേണ്ടി വരുന്നത്.നാട്ടിലെ ഏതെങ്കിലും സ്ഥലത്ത് രാത്രിയെന്നല്ല,പകൽപ്പോലും എത് തപ്പെട്ടാല് ‘നന്മ നിറഞ്ഞ’ നാട്ടിന്‍പുറങ്ങളുടെ വൃത്തികെട്ട സ്വഭാവം നമുക്കപ്പോൾ കാണാം. കടന്നു കയറിയവനെ സംശയദൃഷ്ടിയോടെ പിന്തുടരുന്ന കണ്ണുകള്‍.ഒരു പക്ഷെ തൊഴിലില്ലായ്മ ഇത്രയധികം രൂക്ഷമായതുകൊണ്ടുമാവാം അന്യന്റെ സ്വകാര്യതയിലേക്കുള്ള കണ്ണുകളുടെ ഈ കടന്നുകയറ്റങ്ങളും.അപരിചിതയായ സ്ത്രീകൾക്ക് പകൽപ്പോലും കേരളത്തിലെ തെരുവുകൾ ഇന്ന് പേടിസ്വപ്നമാണ് എന്നതാണ് വാസ്തവം.അതിന് പ്രായഭേദങ്ങളുമില്ല!
ചുവന്ന തെരുവുകളിൽ നടക്കുന്ന ബിസിനസ്സിന്റെ നിറമില്ലാത്ത സ്വഭാവം കൂടി നോക്കുമ്പോള്‍ വരുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാകേണ്ടത് ചുവന്നതെരുവുകളുടെ ദീര്‍ഘകാലനിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്.ഒട്ടും അവശ്യ സ്വഭാവമില്ലാത്ത ആ സര്‍വീസിന് വേണ്ടി ആരും സ്വന്തം സുരക്ഷിതത്വം പണയം വെക്കില്ലല്ലോ.ഇതിൽ ഒന്നുകൂടി എടുത്തുപറയേണ്ടത് സോനാഗച്ചി ഉൾപ്പടെയുള്ള കൊൽക്കത്ത തെരുവുകളെപ്പറ്റിയാണ്.ആർക്കും ഏതു സമയത്തും ഇവിടെ ചുറ്റിക്കറങ്ങാം.ആരും നിങ്ങളെ പീഡിപ്പിക്കുകയോ,പേടിപ്പിക്കുകയോ , പിടിച്ചു പറിക്കുകയോ ചെയ്യില്ല.ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം പുരോഗതി പ്രാപിച്ച നഗരത്തിന്റെ എന്നത്തേയും അടയാളങ്ങൾ സോനാഗച്ചി ഉൾപ്പടെയുള്ള ഇത്തരം സെക്കന്റ് ക്ലാസ് തെരുവുകളും വണ്ടികളുമാണ്.
കേരളീയ സമൂഹത്തിൽ, പ്രത്യേകിച്ച് കൊച്ചിയും കോഴിക്കോടും പോലുള്ള നഗരത്തിൽ വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളും വ്യാപകമായി അരങ്ങേറുന്ന രതിവൈകൃതങ്ങളുടെയുമൊക്കെ വാർത്തകൾ കേൾക്കുമ്പോൾ ദിവസവും ലക്ഷക്കണക്കിന് ആളുകൾ ചുറ്റിത്തിരിയുന്ന ആ വടക്കുകിഴക്കൻ നഗരത്തെ നമിച്ചുപോകയാണ്.
ഇടുങ്ങിയ വഴികൾ, നിരങ്ങി നിരങ്ങി പോകുന്ന ട്രാമുകൾ, കിതച്ചു കിതച്ച് മനുഷ്യർ വലിക്കുന്ന കൈറിക്ഷകൾ, പഴകിത്തുരുമ്പിച്ച ബസുകൾ, വഴിയോരത്ത് ചെറിയ മരക്കട്ടയിൽ ആളെയിരുത്തി ക്ഷൗരംചെയ്യുന്ന ക്ഷുരകന്മാർ, റോഡരികിൽ തുരുമ്പിച്ച ടൈപ്പ് റൈറ്ററുമായിരുന്ന് രേഖകൾ ടൈപ്പ് ചെയ്തുകൊടുക്കുന്ന വിഷാദികളായ മനുഷ്യർ, പൊതുടാപ്പിൽനിന്ന് സുഖമായി കുളിക്കുന്നവർ, വഴിയോര ചായക്കടയോടുചേർന്നുള്ള സജീവമായ അഢകളും ചൂടേറിയ ചർച്ചകളും, ഉപേക്ഷിക്കപ്പെട്ട ജീവിതങ്ങൾ, വിശന്നുകരയുന്ന കുഞ്ഞുങ്ങൾ, റോഡിലും വീട്ടുചുമരുകളിലും കലണ്ടറുകളിലും നിറയുന്ന തീനാവ് നീട്ടിയ കാളി, കറുത്ത ഫ്രെയിമുള്ള കണ്ണടവെച്ച് സഞ്ചി തൂക്കിപ്പോകുന്ന ബുദ്ധിജീവികൾ..കാണാൻ കാഴ്ചകൾ ഏറെയുണ്ടെങ്കിലും ഒട്ടും മാറാത്ത വഴികൾ, മനുഷ്യർ, കെട്ടിടങ്ങൾ, ഗന്ധങ്ങൾ, ശീലങ്ങൾ .. കാലത്തിനനുസരിച്ച് മാറാൻ വിസമ്മതിച്ച് ഇന്നും ഊറ്റത്തോടെ നടുനിവർന്ന് നിൽക്കുന്ന ഒരേയൊരു ഇന്ത്യൻ നഗരമാണ് കൊൽക്കത്ത.രബീന്ദ്രനാഥ ടാഗോറിന്റെയും നിമായി ഘോഷിന്റെയും സത്യജിത് റായിയുടെയും ‘കൽക്കത്ത’ !!