ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥരീകരിച്ചു.ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരികയാണ്.
അതേസമയം, ഒമിക്രോണ്‍ സംശയത്തെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരനെ നിരീക്ഷണത്തിലാക്കി. ഞായറാഴ്ച രാവിലെ 5.25 നാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്.ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ച ശേഷം അമ്പലമുകളിലുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട രാജ്യമായ റഷ്യയില്‍ നിന്നെത്തിയ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഒമിക്രോണ്‍ വകഭേദം ഇന്ത്യയില്‍ രണ്ടു പേര്‍ക്കുകൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സിംബാബ്വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രിക്കയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ്ലിയിലെത്തിയ 33 വയസ്സുകാരനുമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി ക്വാറന്റീനിലാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്തു സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകള്‍ അഞ്ചായി.