ഒമിക്രോണ്‍ വ്യാപകമായ സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ വച്ചിരുന്നു. അതേസമയം ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയതായും ഇവരിൽ 18 പേർ കൊവിഡ് പൊസിറ്റീവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ കൊവിഷീൽഡ് വാക്സീനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ ഇന്നലെ സമീപിച്ചിരുന്നു. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യുകെ ബൂസ്റ്റർഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. അതേസമയം ഓക്സ്ഫോർഡിലെ ശാസ്ത്രഞ്ജൻമാർ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു.