KeralaLead NewsNEWS

വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകാൻ വാർഡ് തലത്തിൽ ക്യാംപെയിൻ

സംസ്ഥാനത്ത് കോവിഡ് രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്സിൻ നൽകുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു വാർഡ് തലത്തിൽ ക്യാംപെയിൻ സംഘടിപ്പിക്കും. രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാതിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. ഇതു സംബന്ധിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.

തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ്, ചുമതലയുള്ള മെഡിക്കൽ ഓഫിസറുടെ പങ്കാളിത്തത്തോടെ യോഗം ചേർന്നു രണ്ടാം ഡോസ് വാക്സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഇതിന്റ ഭാഗമായി വാക്സിൻ എടുക്കേണ്ടവരുടെ പട്ടിക തയാറാക്കണം. ഓരോ ആശാ വർക്കറും അവരുടെ പ്രദേശത്തു രണ്ടാം ഡോസ് കിട്ടേണ്ടവരുടെ മുൻഗണനാ പട്ടിക തയാറാക്കണം. ഈ പട്ടികയിൽനിന്നു മുൻഗണനാ പട്ടിക തയാറാക്കി ആരോഗ്യ വകുപ്പുമായി ചേർന്നു തദ്ദേശ സ്ഥാപനതലത്തിൽ വാക്സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കണം.

നഗര പ്രദേശങ്ങളിൽ ഒരു വാർഡിന് ഒരു ആശ പ്രവർത്തക മാത്രമേയുള്ളൂവെങ്കിൽ ഇതിനായി റാപ്പിഡ് റെസ്പോൺസ് ടീമിനെ ഉത്തരവാദിത്തമേൽപ്പിക്കണം. തദ്ദേശ സ്ഥാപനതല കോർ ഗ്രൂപ്പ് നിരന്തരം വിലയിരുത്തൽ നടത്തുകയും സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാത്തവർ ആരുമില്ലെന്ന് ഉറപ്പാക്കുകയും വേണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിക്കപ്പെട്ട വാർഡ്തല സമിതികൾ, ആശാ വർക്കർമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ, ആർ.ടി.ടി അംഗങ്ങൾ തുടങ്ങിയവരെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന കാര്യം തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

Back to top button
error: