ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം.ഇന്ന് വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നടതുറന്നതോടെയാണ് ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് തുടക്കമായത്.വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്തവര്‍ക്കാണ് ഇന്നുമുതൽ ദര്‍ശനത്തിന് അവസരം.
കൊവിഡിന്റെ പശ്ചാത്തലത്തിലും കനത്ത മഴയുള്‍പ്പെടെ തുടരുന്ന സാഹചര്യത്തിലും കര്‍ശന നിയന്ത്രണങ്ങളാണ് ശബരിമലയില്‍ ഇത്തവണ നിലനില്‍ക്കുന്നത്.നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പമ്പാ സ്നാനത്തിന് നിലവില്‍ അനുമതിയില്ല. സ്വാമി അയ്യപ്പന് റോഡിലൂടെയാണ് നിലവില്‍ തീര്‍ത്ഥാടകരെ കടത്തിവിടുന്നത്.പത്തനംതിട്ടയിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ പല റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കുമ്പഴ-കോന്നി വഴി വെട്ടൂര്‍ റോഡില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കെ.എസ്.ടി.പി റോഡായ കോന്നി-കുമ്പഴ-മൈലപ്ര- മണ്ണാറക്കുളഞ്ഞി റോഡ് ഉപയോഗിക്കണം. ഏഴംകുളം- കൈപ്പട്ടൂര്‍ റോഡ്-അടൂര്‍- പത്തനംതിട്ട റോഡ്, പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡ്, പന്തളം-ഓമല്ലൂര്‍ റോഡ് എന്നിവിടങ്ങളില്‍ മാര്‍ഗതടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരുന്ന തീര്‍ത്ഥാടകര്‍ കുളനട- മെഴുവേലി- ഇലവുംതിട്ട-കോഴഞ്ചേരി-റാന്നി വഴിയും, കുളനട-ആറന്മുള-കോഴഞ്ചേരി-റാന്നി വഴിയും യാത്ര ചെയ്യുക.
കൊച്ചാലുംമൂട്- പന്തളം റോഡില്‍ തടസമുള്ളതിനാല്‍ ഈ റോഡില്‍ കൂടി വരേണ്ടുന്ന തീര്‍ത്ഥാടകര്‍ക്ക് കൊല്ലകടവ്-കുളനട-മെഴുവേലി-ഇലവുംതിട്ട- കോഴഞ്ചേരി-റാന്നി വഴി പോകാവുന്നതാണ്. മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിലും, എരുമേലി-പ്ലാപ്പള്ളി റോഡിലും നിലവിൽ ഗതാഗത നിയന്ത്രണമില്ല.എന്നാൽ എരുമേലി-പ്ലാപ്പള്ളി റൂട്ടിൽ കണമലയ്ക്കു സമീപം ഉണ്ടായ ഉരുൾപൊട്ടലിൽ കീരിത്തോട് – കണമല ബൈപാസ് റോഡ് ഭാഗികമായി ഒലിച്ചുപോയതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.