KeralaNEWS

സഞ്ജിത്തിന്റെ കൊലപാതകം: കേസ് എൻഐഎക്ക് കൈമാറണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് കേസ് എൻഐഎക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളിൽ ഗവർണറുടെ ഇടപെടൽ തേടി അദ്ദേഹത്തെ രാജ്ഭവനിൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. 10 ദിവസത്തിനിടെ രണ്ട് ആർഎസ്എസ് പ്രവർത്തകരെയാണ് എസ്ഡിപിഐ തീവ്രവാദികൾ കൊല ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും തകർന്നു. സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. കേരളത്തെ കലാപഭൂമിയാക്കാനുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ അവർ പ്രതികളായ കേസുകൾ എൻഐഎക്ക് കൈമാറണമെന്ന് ബിജെപി ഗവർണറോട് ആവശ്യപ്പെട്ടു. കേരളത്തിലെ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ബോധിപ്പിക്കാൻ അദ്ദേഹത്തെ കാണുമെന്നും സുരേന്ദ്രൻ അറിയിച്ചു.

സഞ്ജിത്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രതികൾ പരിശീലനം ലഭിച്ചവരാണെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നു. 2020 മുതൽ സഞ്ജിത്തിനെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ ക്രിമിനൽ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകത്തിൽ എസ്ഡിപിഐയുടെ പേര് പറയാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Back to top button
error: