അടുത്ത അഞ്ച് ദിവസം സംസ്ഥാന വ്യാപകമായി സാധാരണ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിലനിന്നിരുന്ന തീവ്ര ന്യുനമര്‍ദ്ദം മധ്യ അറബിക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നു ദിവസം പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കാം. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായി മാറി നവംബര്‍ 11 ന് അതിരാവിലെ തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് കേരള-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതല്‍ നവംബര്‍ 11 വരെ തെക്ക്-കിഴക്കന്‍ അറബിക്കടലിലും തെക്ക്- കിഴക്കും തെക്ക്-പടിഞ്ഞാറുമുള്ള ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, കന്യാകുമാരി ഭാഗം, ഗള്‍ഫ് ഓഫ് മാന്നാര്‍, ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. അറബികടലിന്റെ മധ്യ ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍, ഈ ഭാഗങ്ങളിലും അടുത്ത 12 മണിക്കൂര്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.