സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചു.
മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ മഴ കിട്ടുന്നത്. ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയര്‍ന്നിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നുള്ള അഞ്ച് മന്ത്രിമാര്‍ ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന സാഹചര്യം വിലയിരുത്താനാണ് സന്ദര്‍ശനം.