റാന്നി: ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തുടങ്ങിയ മഴ അവസാനിച്ചത് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ.ഉരുൾപൊട്ടൽ ഭീക്ഷണിയിൽ വിറങ്ങലിച്ചിരുന്ന മലയോരം ഉറങ്ങാതെ നേരം വെളുപ്പിച്ച രാത്രിയായിരുന്നു ഇന്നലത്തേത്. അടുത്തകാലത്തൊന്നും ഇത്തരത്തിലൊരു മഴ ഇവിടെ പെയ്തിട്ടില്ല.അതിനിടയിൽ കനത്ത മഴയിൽ റാന്നി ടൗണിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.
കോന്നി–പ്ലാച്ചേരി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓടയുടെ പണികൾ പൂർത്തിയാകാത്തതും കൈതോടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് തിരിച്ചു വിടാത്തതുമാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ഐത്തല റോഡിൽ മൂഴിക്കൽ ജംക്‌ഷനിലും മാമുക്കിലും ചെത്തോങ്കരയിലും പുള്ളോലിയിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനോടു ചേർന്ന് താഴ്ന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഇരുപതോളം കടകളിൽ വെള്ളം കയറി. മാമുക്ക് ജംക്‌ഷനിൽ വളയനാട്ട് ഓഡിറ്റോറിയത്തിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ പേട്ട, ബൈപാസ് റോഡ് വഴി തിരിച്ചുവിട്ടെങ്കിലും ചെത്തോങ്കരയിൽ ഓട അടഞ്ഞ് റോഡിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി.ചെറിയ വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുകയും ചെയ്തു.