മോൻസണ് മാവുങ്കലിനെതിരായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. കളമശേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരെ പോക്സോ കേസിലെ ഇരയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുറിയിൽ പൂട്ടിയിട്ട് ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വൈദ്യപരിശോധനയ്ക്കായി തന്നെ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ അപമര്യാദയായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയിൽ പറയുന്നു. ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്.
കലൂരിലെ സൗന്ദര്യവർധക ചികിത്സാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മകളെ പീഡിപ്പിച്ച സംഭവത്തിലാണ് എറണാകുളം നോർത്ത് പോലീസ് മോൻസനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയിൽ മോൻസന്റെ മേക്കപ്പ്മാൻ ജോഷിയെയും പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
മോൻസണ് മാവുങ്കൽ തനിക്ക് തുടർവിദ്യാഭ്യാസം വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മോൻസന്റെ കലൂലിലെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിലും വാടക വീട്ടിലുംവച്ച് പീഡിപ്പിച്ചതായാണ് പരാതി. സംഭവം നടക്കുന്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.