Lead NewsNEWSTRENDING

സംസ്ഥാനത്ത് 48 സ്മാര്‍ട്ട് അങ്കണവാടികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ആധുനിക കെട്ടിടത്തിന് 9 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിര്‍മ്മിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

പ്രാരംഭ ശൈശവകാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ നിലവിലുള്ള അങ്കണവാടികള്‍ക്ക് പകരം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2019 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അങ്കണവാടികള്‍ക്ക് ഒരു ഏകീകൃത മോഡല്‍ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വനിത ശിശുവികസന വകുപ്പിന് കീഴില്‍ സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്ലാനനുസരിച്ചാണ് ആധുനിക രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

48 അങ്കണവാടികള്‍ക്ക് 9 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 10 സെന്റുള്ള 9 അങ്കണവാടികള്‍ക്ക് 25 ലക്ഷം രൂപ വീതവും, 5 സെന്റുള്ള 6 അങ്കണവാടികള്‍ക്ക് 20 ലക്ഷം രൂപ വീതവും, 3 സെന്റുള്ള 30 അങ്കണവാടികള്‍ക്ക് 17 ലക്ഷം രൂപ വീതവും, 1.25 സെന്റുള്ള 3 അങ്കണവാടികള്‍ക്ക് 15 ലക്ഷം രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ 5.74 കോടി രൂപയുമടക്കം ആകെ 14.74 കോടി രൂപ വിനിയോഗിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുന്നത്.

അങ്കണവാടി കെട്ടിടങ്ങളുടെ രൂപകല്‍പന മുതല്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വരെയുള്ള എല്ലാകാര്യങ്ങളിലും ശ്രദ്ധിച്ചാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. വ്യത്യസ്ത വിസ്തൃതിയിലുള്ള 6 അങ്കണവാടി കെട്ടിടങ്ങളുടെ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒന്നര സെന്റ് മുതല്‍ 10 സെന്റ് വരെ സ്ഥലത്തിന് അനുയോജ്യമാകുന്ന രീതിയിലാണ് അങ്കണവാടി കെട്ടിടം ഡിസൈന്‍ ചെയ്തിട്ടുള്ളത്. 10 സെന്റ്, ഏഴര സെന്റ് സ്ഥലമുള്ള അങ്കണവാടികള്‍ക്ക് ഉദ്യാനം, ഇന്‍ഡോര്‍ ഔട്ട് ഡോര്‍ കളിസ്ഥലങ്ങള്‍ എന്നീ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്മാര്‍ട്ടാകുന്ന 48 സ്മാര്‍ട്ട് അങ്കണവാടികള്‍

തിരുവനന്തപുരം ജില്ലയിലെ അങ്കണവാടി നമ്പര്‍ 5, 43 (നെടുമങ്ങാട് അഡീഷണല്‍), കൊല്ലം ജില്ലയിലെ 57, 61, 147 (ഇത്തിക്കര), 22 (ചടയമംഗലം), 45 (ശാസ്താംകോട്ട), 91, (മുഖത്തല അഡീഷണല്‍), 17, 40, 1 (മുഖത്തല) പത്തനംതിട്ട ജില്ലയിലെ 32, 19, 64 (പുളികീഴ്), കോട്ടയം ജില്ലയിലെ 31 (ഏറ്റുമാനൂര്‍), 36, 87, 72 (കാഞ്ഞിരപ്പള്ളി), 72, 114 (പള്ളം അഡീഷണല്‍), എറണാകുളം ജില്ലയിലെ 44 (മൂവാറ്റുപുഴ), 66 (കോതമംഗലം), പാലക്കാട് ജില്ലയിലെ 3 (തൃത്താല), 164 (കുഴല്‍മന്ദം), കോഴിക്കോട് ജില്ലയിലെ 121, 112 (മേലടി), 82 (വടകര), 64 (ബാലുശേരി) 77 (ബാലുശേരി അഡീഷണല്‍), 132 (തോടന്നൂര്‍), മലപ്പുറം ജില്ലയിലെ 101 (പെരിന്തല്‍മണ്ണ അഡീഷണല്‍), 130 (കൊണ്ടോട്ടി), 11, 34, 23, (നിലമ്പൂര്‍ അഡീഷണല്‍), 46 (നിലമ്പൂര്‍) 78, 77 (പെരുമ്പടപ്പ്), കണ്ണൂര്‍ ജില്ലയിലെ 29 (കൂത്തുപറമ്പ് അഡീഷണല്‍), 36, 20 (പയ്യന്നൂര്‍) 98, 107 (പയ്യന്നൂര്‍ അഡീഷണല്‍), 11, 43 (കല്യാശേരി) 101, 49 (കല്യാശേരി അഡീഷണല്‍), 99 (ഇരിട്ടി അഡീഷണല്‍)

Back to top button
error: