ഫുട്ബോള്‍ പരിശീലക ഫൗസിയ മാമ്പറ്റ അന്തരിച്ചു. 52 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടക്കാവ് ജിവിഎച്ച്എസ്എസ് സ്കൂളിലെ ഫുട്ബോള്‍ പരിശീലകയായിരുന്നു. ‘കേരളത്തിന്റെ ഫുട്ബോള്‍ ഫാക്ടറി’ എന്ന ബഹുമതി നടക്കാവ് സ്കൂളിനു നേടിക്കൊടുത്തത് ഫൗസിയയാണ്. കബറടക്കം ഇന്ന് 11.30ന് ഈസ്റ്റ് വെള്ളിമാടുകുന്ന് ജുമാമസ്ജിദില്‍.
കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളും ആദ്യ വനിതാ ഫുട്ബോള്‍ പരിശീലകയുമായിരുന്ന ഫൗസിയ പെണ്‍കുട്ടികള്‍ കോളജില്‍ പോകുന്നതുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന കാലത്തു ഫുട്ബോള്‍ താരമായി മാറിയയാളാണ്. 2013ല്‍ സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ ആദ്യമായി പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരയിനമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഫൗസിയയായിരുന്നു. 2016ല്‍ കാന്‍സര്‍ ബാധ സ്ഥിരീകരിച്ചെങ്കിലും വീണ്ടും ഫുട്ബോള്‍ മൈതാനത്തേക്ക് അവര്‍ തിരിച്ചെത്തിയിരുന്നു.