LIFETRENDING

മരട് 357 ന് എതിരെ കോടതി വിധി

നൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഫെറീഫ്, മനോജ് കെ ജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിന്റെ റിലീസിംഗ് കോടതി തടഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് ഫ്‌ളാറ്റ് കേസിന്റെ വിചാരണയെ ചിത്രം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് കാണിച്ച് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എറണാകുളം മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

അബാം മൂവിസിന് വേണ്ടി അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറോ മറ്റ് ഭാഗങ്ങളോ പുറത്ത് വിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഫെബ്രുവരി 19 ന് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോള്‍ കോടതി വിധിയെത്തുടര്‍ന്ന് വഴിമുട്ടി നില്‍ക്കുന്നത്. സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ഗൂഡശ്രമം നടത്തുന്നുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നുണ്ട്. സിനിമ തകര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ കോടതി വിധിയെത്തിയിരിക്കുന്നതെന്നും സംവിധായകനായ കണ്ണന്‍ താമരക്കുളം പറഞ്ഞു.

Signature-ad

സുപ്രിം കോടതി വിധി പ്രകാരം പൊളിച്ച ഫ്‌ളാറ്റിന്റെ പിന്നിലെ ശരി തെറ്റുകളല്ല ഈ ചിത്രം ചര്‍ച്ചയാക്കുന്നത് മറിച്ച് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവരുടെ ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്നുള്ളതാണ്. നിയമം നോക്കാതെ ഫ്‌ളാറ്റ് പണിയാന്‍ അനുവാദം നല്‍കിയ ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നൂറോളം സാങ്കേതിക പ്രവര്‍ത്തകരുടെ വയറ്റിലടിക്കുന്ന നടപടിയാണ് ഇപ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

Back to top button
error: