<>ബിജെപിയെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചശേഷം വിദേശത്തേക്കും എത്തിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് കേന്ദ്ര അമിത് ഷായുടെ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥാനമായ അഗര്‍ത്തലയിലെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ല്‍ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കവെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ വിവരങ്ങളാണ് ബിപ്ലബ് ഇപ്പോള്‍ പുറത്തുവിടുന്നത്. പാര്‍ട്ടിയുടെ നോര്‍ത്തീസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം സംസ്ഥാന ഗസ്റ്റ് ഹൗസില്‍ ഇരിക്കവേയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞുതെന്ന് ബിപ്ലബ് പറയുന്നു. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന ജാംവലിന്റെ പ്രസ്താവനയില്‍ ഇനി ശ്രീലങ്കയും നേപ്പാളും കൂടിയുണ്ടെന്നും നമുക്ക് ആ രാജ്യങ്ങളിലേക്ക് കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത്ഷാ പറഞ്ഞുവെന്നും ബിപ്ലവ് വെളിപ്പെടുത്തുന്നു.
അതേസമയം, ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ബിജെപിയെ മാറ്റിയതില്‍ അമിത് ഷായെ ബിപ്ലവ് പുകഴ്ത്തുകയും ബിജെപി ഇത്തവണ വന്‍ വിജയം നേടുമെന്നും ബിപ്ലവ് പറയുന്നു.