വര്‍ഷങ്ങളായി ഇസ്രായേല്‍ ചാരസംഘടന മൊസാദിന്റെ ഹിറ്റ്ലിസ്റ്റില്‍ ഒന്നാം പേരുകാരനാണ് ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡില്‍ ബ്രിഗേഡിയര്‍ ജനറലായ മൊഹ്‌സീന്‍ ഫക്രിസാദെ. ബാലിസ്റ്റിക് മിസൈല്‍ വിദഗ്ധനും ടെഹ്‌റാനിലെ ഇമാം ഹുസന്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രൊഫസറുമായ ഫക്രിസാദെയെ 2006 മുതല്‍ സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായിരുന്നു.
അങ്ങനെ 2020 നവംബര്‍ 27 ന് ഫക്രിസാദെ വെടിയേറ്റുമരിച്ചു. ടെഹ്‌റാനിലെ അബ്‌സാര്‍ഡില്‍ ഭാര്യയോടും 12 അംഗരക്ഷകരോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. ഇപ്പോഴിതാ ഫക്രി സാദെയെ വധിക്കാന്‍ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും സംഘവും നടത്തിയ രഹസ്യ നീക്കങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. മൊസാദ് ഇറാനിലേക്ക് കടത്തിയ ഒരു ടണ്‍ ഭാരമുള്ള അത്യാധുനിക തോക്കാണ് ഫക്രിസാദെയെ കൊന്നതെന്നാണ് വിവരം. ഇതിനായി മാസങ്ങള്‍ മുമ്പേ പദ്ധതി ഇട്ടിരുന്നതായാണ് തെളിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
2020 മാര്‍ച്ചിലാണ് ഫക്രിസാദെയെ കൊല്ലാനുള്ള തന്ത്രം പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. ആദ്യം ഇസ്രയേല്‍ ചാരന്മാരുടെ ഒരു സംഘത്തെ ഇറാനിലേക്ക് അയച്ചു. അവര്‍ അവിടെ പ്രാദേശിക ഏജന്റുമാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മാസങ്ങള്‍ എടുത്ത് വിവിധ പാക്കറ്റുകളിലാക്കി ഈ തോക്ക് പീസ് പീസായാണ് ഇസ്രായേലില്‍ നിന്ന് ഇറാനിലേക്ക് കടത്തിയെന്നാണ് വിവരം. ഇതോടൊപ്പം സ്ഫോടകവസ്തുക്കളും കടത്തിയിരുന്നു. പിന്നീട് എട്ടുമാസത്തെ ശക്തമായ നിരീക്ഷണത്തിനു ശേഷം ആണ് ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പെടുന്ന 20 പേര്‍ അടങ്ങുന്ന മൊസാദിന്റെ ഈ ചാരസംഘം കൊലപാതകം നടത്തിയത്.
റോഡിന്റെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന നിസ്സാന്‍ പിക്ക് അപ്പ് ട്രക്കിനുള്ളിലാണ് ഭീമന്‍ തോക്ക് സ്ഥാപിച്ചിരുന്നത്. ഇതെല്ലാം തകര്‍ക്കാന്‍ ബോംബും സ്ഥാപിച്ചിരുന്നു. നവംബര്‍ 27 ന് 12 അംഗരക്ഷകരുമായി ഒരു കാറില്‍ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫക്രിസാദെ. ഈ സമയത്ത് സമീപത്തെല്ലാം ഇസ്രയേലി ചാരന്മാരുണ്ടായിരുന്നു. ഫക്രിസാദെയുടെ ഓരോ നീക്കവും നിരീക്ഷിക്കുകയും അകലെ നിന്ന് തോക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കാത്തിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍. നിശ്ചിത സ്ഥലത്ത് കാര്‍ കടന്നുപോകുമ്പോള്‍, അവര്‍ ബട്ടണ്‍ അമര്‍ത്തി, വെടിയുതിര്‍ത്തു. പതിമൂന്ന് വെടിയുണ്ടകള്‍ ഫക്രിസാദെ തലയ്ക്കടിച്ചു, 10 ഇഞ്ച് അകലെ ഇരുന്ന ഭാര്യക്ക് പോലും പരുക്കേറ്റില്ല.
ആക്രമണത്തിന് ശേഷം മൊസാദ് ടീം രക്ഷപ്പെട്ടപ്പോള്‍, ഒരു ടണ്‍ ഭാരമുള്ള ആയുധം സ്വയം പൊട്ടിത്തെറിച്ചു. ഇത് സംഭവസ്ഥലത്തെ ആശയക്കുഴപ്പം വര്‍ധിപ്പിച്ചു. ‘ദൈവത്തിന് നന്ദി, ഞങ്ങള്‍ സംഘത്തിലെ എല്ലാവരെയും രക്ഷപ്പെടുത്തി, അവരില്‍ ആരെയും പിടിച്ചില്ലെന്നും ഓപ്പറേഷനുമായി പരിചയമുള്ള ഒരാള്‍ പറഞ്ഞു. എന്നാല്‍ ഫക്രിസാദെയുടെ കൊലപാതകത്തിന്റെ ആഘാതം വളരെ ആഴമുള്ളതായിരുന്നു എന്നത് മൊസാദിന്റെ ഉന്നതരെപ്പോലും അദ്ഭുതപ്പെടുത്തി.