കോൺഗ്രസിൽ ഗാന്ധി കുടുംബത്തിന്റെ കുടുംബവാഴ്ച ആണെന്ന ആരോപണം നിഷേധിച്ച് രാഹുൽഗാന്ധി. തന്റെ കുടുംബത്തിൽ നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടായിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു എന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.
മുൻ പ്രധാനമന്ത്രിയുടെ മകൻ എന്നതുകൊണ്ട് തന്റെ കാഴ്ചപ്പാട് മാറ്റിവെച്ച് പോരാടില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. തന്റെ മുത്തശിയും പിതാവും രാജ്യത്തിനുവേണ്ടി കൊല്ലപ്പെട്ടവരാണ്. അക്കാര്യത്തിൽ അഭിമാനമുണ്ട്. എന്നാൽ രാഷ്ട്രീയ പോരാട്ടത്തിൽ ബന്ധമല്ല ആശയമാണ് മുഖ്യമെന്ന് രാഹുൽഗാന്ധി പറഞ്ഞു.
രാജ്യത്തിന് ഓരോ കാലഘട്ടത്തിലും ഓരോ ആശയം നൽകണം. 2004ൽ കോൺഗ്രസ് അങ്ങനെയൊന്ന് മുന്നോട്ടുവച്ചു. അത് തൊണ്ണൂറുകളുടെ മാറ്റങ്ങളുടെ തുടർച്ചയായിരുന്നു. എന്നാൽ 2012 ൽ അത് പുതുക്കി മുന്നോട്ടുപോകാനായില്ല.പത്തു വർഷത്തിനിടയിൽ പാർട്ടിക്ക് തെറ്റുകൾ പറ്റി. 2008ൽ വലിയ സാമ്പത്തിക മാന്ദ്യം വന്നു.
2014 ൽ നരേന്ദ്രമോഡി പുതിയ കാഴ്ചപ്പാടുമായി ആണ് വന്നത്. എന്നാൽ അത് വൻ ദുരന്തമായി. മുന്നോട്ടുള്ള പോക്കിൽ കോൺഗ്രസ് പുതിയ കാഴ്ചപ്പാട് മുന്നോട്ടു വെക്കണം.
കാർഷിക രംഗത്ത് മാറ്റങ്ങൾ വരേണ്ടത് അനിവാര്യതയാണ്. എന്നാൽ അത് കർഷകരെ ഇല്ലാതാക്കി ആകരുത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ പ്രൊഫസർ ദീപേഷ് ചക്രവർത്തി നയിച്ച ഓൺലൈൻ ചർച്ചയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണങ്ങൾ.
ചർച്ച തത്സമയം നടന്നുകൊണ്ടിരിക്കവേയാണ് ഡൽഹിയിൽ ഭൂചലനം ഉണ്ടായത് . തന്റെ റൂം കുലുങ്ങുന്നു എന്ന രാഹുൽഗാന്ധിയുടെ പരാമർശം വൈറലാണ്.അക്ഷോഭ്യനായ രാഹുൽ ഗാന്ധി ചർച്ചയിൽ തുടരുകയും ചെയ്‌തു.