കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര തിരുനട തുറന്നു

കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപം തെളിക്കുകയായിരുന്നു.ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്നു.

കുംഭമാസം ഒന്നായ 13-ാം തീയതി പുലർച്ചെ 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 5.20ന് മഹാഗണപതി ഹോമം. 6 മണി മുതൽ 11മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ, 7.45 ന് ബ്രഹ്മരക്ഷസ്സ് പൂജ, 12 മണിക്ക് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് ക്ഷേത്രനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 6.45 ന് പടിപൂജ, 8.30 ന് അത്താഴ പൂജ എന്നിങ്ങനെയാണ് പൂജാ ചടങ്ങുകൾ.

വെർച്വൽ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും ഇക്കുറി ശബരിമല അയ്യപ്പദർശനത്തിനായി കടത്തിവിടുകയില്ല. കുംഭമാസ പൂജകൾ പൂർത്തിയാക്കി കലിയുഗവരദസന്നിധി ഫെബ്രുവരി 17ന് രാത്രി 9 ന് ഹരിവരാസനം പാടി അടയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *