സുരക്ഷ ശക്തമാക്കുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന് പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന് ക്ഷേത്ര ഭരണസമിതി. താത്കാലിക ഭരണനിര്‍വഹണ കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
ക്ഷേത്രം ഭരണസമിതിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ഇപ്പോള്‍ ഉത്തരവിടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകളില്‍ ഇടിവുണ്ടായിട്ടുണ്ട്. അതിനാല്‍ പണം നല്കാന് സാധിക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി കോടതിയെ അറിയിച്ചു. സെപ്റ്റംബറില്‍ ക്ഷേത്രത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കോടതിയുടെ പരിശോധനയുണ്ടാകും. ഇനി സെപ്റ്റംബറില്‍ കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഹര്‍ജി കോടതി പരിഗണിക്കുന്നതിന് മുന്‍പായി ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് യു.യു. ലളിത്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.