സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിപ്പിച്ചു. നിലവിൽ ഏറ്റവും വിലക്കുറവുള്ള മദ്യത്തിന് പോലും 30 രൂപയുടെ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതുക്കിയ വില വര്‍ധനവിലൂടെ സർക്കാരിന് ഈ വർഷം ആയിരം കോടിയുടെ അധികവരുമാനം ഉണ്ടാകും എന്നാണ് കണക്കുകൂട്ടൽ.
വിതരണക്കാർക്ക് ബെവ്കോ നൽകുന്ന മദ്യത്തിന്റെ അടിസ്ഥാന വിലയിൽ 7 ശതമാനം വർധനയാണ് അനുവദിച്ചത്. ഇതിനോടൊപ്പം നികുതിയും ആനുപാതികമായി കൂടിയ സാഹചര്യത്തിലാണ് പുതിയ വില ബീവറേജ് കോർപ്പറേഷൻ പ്രസിദ്ധീകരിച്ചത്. ഏറ്റവും വിലക്കുറവുണ്ടായിരുന്ന ജമാൻ ഒരു ഫുള്‍ ബോട്ടിലിന് 420 രൂപയായിരുന്നത് 450 ആയി ഉയർത്തി. ഇതേ മദ്യം ഒരു ലിറ്ററിന് 560 രൂപ ഉണ്ടായിരുന്നത് 600 രൂപയാക്കി.
VSOP ബ്രാണ്ടി 900 രൂപയായിരുന്നത് 960 ആക്കി ഉയർത്തി. ഒന്നര ലിറ്ററിന്റേയും രണ്ടേകാൽ ലിറ്ററിന്റെയും ബ്രാണ്ടി ഉടൻ വിൽപ്പനയ്ക്കെത്തും എന്ന അറിയിപ്പുമുണ്ട്. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാൽ ലിറ്ററിന് 2570 രൂപയുമായിരിക്കും വില. നിലവിൽ ബിയറും വൈനും ഒഴികെ മറ്റെല്ലാ മദ്യത്തിന്റെയും വില വർധിപ്പിച്ചിട്ടുണ്ട്. കോവിഡും മറ്റു പ്രതിസന്ധികളും നിലനിൽക്കുന്ന സാഹചര്യം പരിഗണിക്കുമ്പോൾ ബെവ്കോ വിൽപ്പനയിൽ കാര്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. മദ്യത്തിന് 40 രൂപ വില കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബെവ്കോയ്ക്ക് 1 രൂപയും കമ്പനിക്ക് 4 രൂപയുമാണ് കിട്ടുന്നത്. മറ്റന്നാള്‍ മുതല്‍ പുതുക്കിയ വില നിലവിൽ വരും.