LIFETRENDING

കാവ്യ കല്പനകളിലാറാടി കൈതപ്രം: ജിതേഷ് മംഗലത്ത്

ൺപതുകളിൽ മലയാളചലച്ചിത്രലോകത്തു വന്ന ഗാനരചയിതാക്കളിൽ ഹൃദയത്തിനോട് ഏറ്റവുമടുത്തു നിൽക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. പക്ഷേ അപ്പോഴും കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന പാട്ടെഴുത്തുകാരനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകാൻ കഴിഞ്ഞിട്ടില്ല.ഓർത്തുനോക്കുമ്പോൾ എന്തെന്തു കൽപനകളായിരുന്നു ആ തൂലികത്തുമ്പിൽ നിന്നുമുതിർന്നു വീണത്…? എത്ര സുന്ദരമായ രീതിയിലാണ് ആ വരികളിൽ വാക്കുകൾ വിന്യസിക്കപ്പെട്ടുകൊണ്ടിരുന്നത്…!

പൂവിതളിന്മേൽ ബ്രഹ്മം രചിക്കും നീഹാരബിന്ദുവാണദ്ദേഹത്തിന് നാദം. അനഘസങ്കൽപ്പഗായികയ്ക്കു ശേഷം അത്രത്തോളം മിസ്റ്റിസിസം പാട്ടിൽ അനുഭവിച്ചിട്ടുള്ളത് ദേവദുന്ദുഭീ സാന്ദ്രലയത്തിൽ മാത്രമാണ്. തൃക്കൈകുന്നത്ത് മേടം വരുന്നിടത്തും,പൂക്കൊളങ്ങര മേടം പോകുന്നിടത്തും അദ്ദേഹം നമ്മെ കൂട്ടികൊണ്ടുപോകുന്നുണ്ട്.

കൈതപ്രം തേനിറ്റുന്ന രാഗങ്ങളാൽ പൊൻമുരളിയൂതിയപ്പോഴൊക്കെയും കാറ്റിൽ ഈണമലിഞ്ഞു. നന്മണിച്ചിപ്പിപോലെയുള്ള പാട്ടിനാലദ്ദേഹം മഴനീർത്തുള്ളിയെ മുത്തായ് മാറ്റി. സങ്കടപ്പെടുമ്പോഴൊക്കെയും മലയാളി ആരെയോ തേടിപ്പിടഞ്ഞലയുന്ന, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടുന്ന കാറ്റിനെകുറിച്ചോർത്തു. അദ്ദേഹത്തിന്റെ വരികളൊക്കെയും സ്വർഗ്ഗവാതിൽക്കിളി തേടുന്ന തീരാതേന്മൊഴികളായി കേൾക്കുന്ന മാത്രയിൽ മനമലിയുന്ന ഹൃദയമന്ത്രച്ചിമിഴായി.

കൈതപ്രത്തിന്റെ നവരാഗഭാവനയിലായിരുന്നു മായാമയൂരം പീലി നീർത്തിയതും, ആശാമരാളം താളമേകിയതും… പുതുമഴയായ് അദ്ദേഹംപാടിയതൊക്കെയും ഉൾക്കുടന്നയിൽ ആത്മനൊമ്പരമേറ്റായിരുന്നു. ശ്രോതാവിന്റെ മോഹമായും,രാഗഭാവമായുമായാണ് ആയിരം വർണ്ണരാജികളിൽ ചന്തുവിന്റെ ആതിരരജനി അണിഞ്ഞൊരുങ്ങുന്നത്. ആമ്പൽക്കുളവും, തിരുതാളിക്കല്ലുമൊക്കെ സമൃദ്ധമായ കൽപനകളിലാണ് മഴവിൽക്കാവടിയിൽ പ്രണയത്തിന്റെ പൂക്കാലം മെല്ലെയുണരുന്നത്. ഇടവത്തിന്റെ അരമണിയിളകുന്ന പുലർകാലത്തെ കണ്ണെത്താദൂരം മറക്കുവതെങ്ങനെ…?

തീരങ്ങൾക്കു ദൂരെ വെണ്മുകിലുകൾക്കരികിലായ് അണയുന്തോറും ആർദ്രമാകുന്ന താരകമായിരുന്നു അദ്ദേഹത്തിന്റെ ഓരോ പാട്ടും. അഴിയുമൂഴിയും ഒരു വരിയിൽ മൂളിയിണക്കാനും, ഓർമ്മപ്പൂവിൽ പീലിപോലുഴിയാനും അദ്ദേഹത്തിനൊരു പ്രത്യേകകഴിവുണ്ടായിരുന്നു. രാവിന്റെ നീലകലികയിൽ തെളിഞ്ഞുകത്തുന്ന ഏകദീപകമായിരുന്നു കൈതപ്രത്തിന്റെ കൽപ്പനകൾ. ഉള്ളലിവെല്ലാം മണ്ണിനു നൽകിയ പൈമ്പുഴയായി ആ വരികൾ. പ്രമദവനം ഋതുരാഗം ചൂടി മലയാളചലച്ചിത്ര ഗാനശാഖ പുതിയൊരു പ്രഭാതത്തിലേക്കുണർന്നപ്പോൾ അദ്ദേഹത്തിന്റെ ഗാനരസാമൃതലഹരിയിൽ അക്ഷരാർത്ഥത്തിൽ ഒരു നവകനകകിരീടമണിയുകയായിരുന്നു.

കൗമാരപ്രണയത്തിൽ കൈതപ്രം അലുക്കും തൊങ്ങലും ചാർത്തിയത് ഇന്നലെ പെയ്ത മഴയും ഇലയും തീർക്കുന്ന ദേവരാഗങ്ങളെക്കൊണ്ടായിരുന്നു. ഒരു കണ്ണിൽ സൂര്യനെയും, മറുകണ്ണിൽ തിങ്കളെയുമുറക്കി അദ്ദേഹം ഉണ്ണിയെ താരാട്ടി. മായികരാവിന്റെ മണിമുകിൽ മഞ്ചലിൽ വിണ്ണിന്റെ മാറിലേക്കൊരു കിളിപ്പെണ്ണിനെ കൂട്ടുവിളിച്ചു.

കേവലമൊരു വേനലാകാശത്തെ കാശിത്തുമ്പക്കാവായും,ആ മേടപ്പാടത്തുവീശുന്ന കാറ്റിനെ ശ്യാമരാഗമായും അദ്ദേഹം സങ്കൽപ്പിച്ചു.

എഴുതിയാൽ തീരാത്തത്രയുണ്ട് കൈതപ്രം പകർന്നു തന്ന ഭ്രമകൽപനകളുടെ വർണ്ണപ്രപഞ്ചം. തോറ്റം പാട്ടിടറുന്ന ഇടനെഞ്ചിൽ നിന്നായിരുന്നു ആ ഗാനങ്ങളൊക്കെയുമുടലെടുത്തിരുന്നത്. ഉത്തരമലബാറിന്റെ ചൂടും, ചൂരുമൊക്കെ ആ വരികളിലാകെ തുടിച്ചുനിൽപ്പുണ്ടായിരുന്നു. പദങ്ങളുടെയും, കൽപനകളുടെയും പൂത്താലം വലംകൈയിലേന്തി സുമരാജിയായി കൈതപ്രത്തിന്റെ വരികൾ പാട്ടിന്റെ കന്യാവനമിളക്കി. അവയൊക്കെയും മകരനിലാവിന് വാൽക്കണ്ണെഴുതി മാമ്പൂമണം പരത്തി. കൈതപ്രത്തിന് ലഭിച്ച ഈ പത്മശ്രീ ബഹുമതി സത്യത്തിൽ ഒരിത്തിരി വൈകി ലഭിച്ച പുരസ്കാരമായേ തോന്നുന്നുള്ളൂ. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട എഴുത്തുകാരാ…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker