LIFETRENDING

“മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത മാസ് കഥാപാത്രം പിറന്നിട്ട് 21 വർഷങ്ങൾ” 

പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രത്തെയും നരസിംഹം എന്ന സിനിമയേയും അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. പടം ഇറങ്ങി 21 വര്‍ഷം കഴിഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ നരസിംഹവും പൂവള്ളി ഇന്ദുചൂടനും ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കുകയാണ്.

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം നിർമ്മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചലച്ചിത്ര സംരംഭം കൂടിയാണ് നരസിംഹം. ചിത്രം പ്രദര്‍ശനത്തിനെത്തി ഇത്രയധികം വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രത്തോടുള്ള ആരാധകരുടേയും പ്രേക്ഷകരുടെയും ഇഷ്ടം ഒരു തരിമ്പുപോലും കുറഞ്ഞിട്ടില്ല.

സംവിധായകനായ ഷാജി കൈലാസ് ആണ് ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ വികാരാധീനനായി കുറിച്ചത്. ”മലയാള സിനിമയക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനേയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചത് അവർണനീയമാണ്. ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ വിവരമുണ്ടെന്ന് അഭിമാനാർഹമാണ്”.

ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രം നേടിയ അത്രത്തോളം കയ്യടി നേടിയ അതിഥി കഥാപാത്രമായിരുന്നു മമ്മൂട്ടി അവതരിപ്പിച്ച നന്ദഗോപാൽ മാരാർ എന്ന വക്കീൽ വേഷം. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഇന്ദുചൂഡൻ എന്ന കഥാപാത്രത്തിന്റെ ആത്മാർത്ഥ സുഹൃത്തായിട്ടാണ് നന്ദഗോപാൽ മാരാർ എത്തുന്നത്.

ചിത്രത്തില്‍ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരു വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. തിലകൻ, ജഗതി ശ്രീകുമാർ, എൻ എഫ് വർഗീസ്, ഐശ്വര്യ, ഭാരതി, സ്പടികം ജോർജ്, സായികുമാർ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ലക്ഷണമൊത്ത മാസ് ചിത്രങ്ങളുടെ പട്ടിക എടുത്താൽ ആദ്യ പത്തിൽ ഉറപ്പായും നരസിംഹം ഉണ്ടായിരിക്കും.

Back to top button
error: