സിങ്കു അതിർത്തിയിൽ കർഷക പ്രക്ഷോഭത്തിനിടെ നുഴഞ്ഞുകയറിയ ആളെ കർഷകർ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കർഷക നേതാക്കളെ വെടിവെക്കാൻ ആണ് താൻ എത്തിയതെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് ഇയാൾ പറയുകയും ചെയ്തിരുന്നു. പിന്നീട് കർഷകർ ഇയാളെ പോലീസിന് കൈമാറി.
എന്നാൽ പൊലീസ് കസ്റ്റഡിയിൽ ഇയാൾ മലക്കം മറിഞ്ഞിരിക്കുകയാണ്. കർഷകർ തന്ന ഒരു സ്കിറ്റ് വായിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് ഇയാൾ ഇപ്പോൾ പറയുന്നത്. ഇത് പിടികൂടപ്പെട്ട ആളാണോ എന്ന് പോലീസ് ഇപ്പോഴും സ്ഥിരീകരിക്കുന്നില്ല. ശനിയാഴ്ച ഉച്ചക്ക് ശേഷം പറയാം എന്നാണ് പോലീസ് നിലപാട്.
മുഖംമൂടി ധരിച്ചെത്തിയ ഒരാളെ കർഷകർ കഴിഞ്ഞദിവസം മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡ് തടയാൻ കർഷക നേതാക്കളെ വെടിവച്ചുകൊല്ലുക ആയിരുന്നു തന്റെ ഉദ്ദേശം എന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ യോഗേഷ് എന്ന് പറയുന്ന ആൾ പറയുന്നത് കർഷകർ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും തന്നെ കൊണ്ട് പറയിപ്പിക്കുകയായിരുന്നു എന്നാണ് . ഇതുസംബന്ധിച്ച് യോഗേഷിന്റെതായി ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.