Lead NewsNEWS

കോട്ടയം മെഡിക്കല്‍ കോളേജില്‍ 91.85 കോടിയുടെ 29 പദ്ധതികളുടെ ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കും, പുതിയ കാത്ത് ലാബ്, സി.ടി. സ്‌കാനര്‍ വാങ്ങാന്‍ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ആവലോകനം ചെയ്തു.

91.85 കോടി രൂപയുടെ 29 വികസന പദ്ധതികളാണ് ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. 55.85 കോടിയുടെ 28 പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം കാര്‍ഡിയോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ടമായി അനുവദിച്ച 36 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും നടത്തുന്നതാണ്. കാര്‍ഡിയാക്, അനസ്‌തേഷ്യ, ഗ്യാസ്‌ട്രോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കുന്നതിനും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. പഴയ കാത്ത് ലാബും സി.ടി. സ്‌കാനിംഗ് മെഷീനും മാറ്റി പുതിയത് സജ്ജമാക്കാന്‍ പ്രൊപ്പോസല്‍ നല്‍കാനും മന്ത്രി നിര്‍ദേശം നല്‍കി. ഈ പദ്ധതികള്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ ജനങ്ങള്‍ക്ക് വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഹൗസ് സര്‍ജന്‍സ് ക്വാട്ടേഴ്‌സ് 6 കോടി, കുട്ടികളുടെ ആശുപത്രി 5.15 കോടി, 750 കെ.വി.യുടെ പുതിയ ജനറേറ്റര്‍ 1 കോടി, ലോക്കല്‍ ഒ.പി. വെയിറ്റിംഗ് ഏരിയ 45 ലക്ഷം, നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 67 ലക്ഷം, പുതിയ മെഡിക്കല്‍ വാര്‍ഡ് 87.44 ലക്ഷം, നവീകരിച്ച മെഡിക്കല്‍ ആന്റ് ജെറിയാട്രിക് ഒ.പി. വിഭാഗം 50 ലക്ഷം, നവീകരിച്ച വാര്‍ഡ് ആറ് 25 ലക്ഷം, ക്ലോത്ത് വാഷിംഗ് ആന്റ് ഡ്രൈയ്യിംഗ് യാര്‍ഡ്, വേസ്റ്റ് കളക്ഷന്‍ സെന്റര്‍ 46.03 ലക്ഷം, പി.എം.ആര്‍. ബ്ലോക്കിലെ ലിഫ്റ്റ് 38 ലക്ഷം, കുട്ടികളുടെ ആശുപത്രി ക്യാന്റീന്‍ 15 ലക്ഷം, കുട്ടികളുടെ ആശുപത്രി എക്‌സാമിനേഷന്‍ ഹാള്‍ 12 ലക്ഷം, പുതിയ പി.സി.ആര്‍. ലാബ് 22 ലക്ഷം, ലിംബ് ഫിറ്റിംഗ് സെന്ററില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, ടോയ്‌ലറ്റ് 10 ലക്ഷം, കുട്ടികളുടെ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ്, ടോയ്‌ലറ്റ് 10 ലക്ഷം, ലക്ഷ്യ പ്രോജക്ട് 3.75 കോടി, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ തീയറ്ററും ഐസിയുവും 98 ലക്ഷം, എം.ആര്‍.ഐ. സ്‌കാനിംഗ് 7 കോടി, ഡി.എസ്.എ. 4.5 കോടി, ലീനിയര്‍ ആക്‌സിലറേറ്റര്‍ 11.5 കോടി, ബേണ്‍സ് ഐസിയു 6.58 കോടി, സ്‌കില്‍ ലാബ് 4.8 കോടി, എം.ഡി.ആര്‍.യു. 10 കോടി എന്നിവയാണ് പ്രവര്‍ത്തനസജ്ജമാകുന്ന പ്രധാന പദ്ധതികള്‍

ഇതുകൂടാതെ സ്ഥലം എം.എല്‍.എ. സുരേഷ് കുറുപ്പിന്റെ എം.എല്‍.എ. ഫണ്ടുപയോഗിച്ചുള്ള വെന്റിലേറ്റര്‍ 60 ലക്ഷം, പി.സി.ആര്‍. മെഷീന്‍ 39 ലക്ഷം, മനോരോഗികള്‍ക്കായുള്ള പൂന്തോട്ടം 5.5 ലക്ഷം, സി.എസ്.ആര്‍. ഫണ്ടുപയോഗിച്ചുള്ള ഒ.സി.ടി. മെഷീന്‍ 1.12 കോടി, ഓക്‌സിജന്‍ ജനറേറ്റര്‍ കെട്ടിടം 43 ലക്ഷം എന്നിവയുടേയും പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ 200 കിടക്കകളുള്ള പുതിയ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ബ്ലോക്കിന്റെ നിര്‍മ്മാണത്തിന് നബാഡിന്റെ ധനസഹായത്തോടെ 36 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. അതിന്റെ നിര്‍മ്മാണ ഉദ്ഘാടനമാണ് ഇതിനോടൊപ്പം നടത്തുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കായി പ്രത്യേകമായൊരു ബ്ലോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണ്.

കേരളത്തിന് അഭിമാനമായ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് മാറുകയാണ്. 134.45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സര്‍ജിക്കല്‍ ബ്ലോക്ക്, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്റ്റോര്‍ എന്നിവയുടെ ഉദ്ഘാടനം അടുത്തിടെ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. ഈ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെട്ടതാണ് സര്‍ജിക്കല്‍ ബ്ലോക്ക്. 564 കോടി രൂപ മുതല്‍മുടക്കുള്ള ഈ ബ്ലോക്കിന്റെ ആദ്യഘട്ട നിര്‍മാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയത്. മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളേജ് ലോകോത്തര നിലവാരത്തിലേക്ക് ഉയരുന്നതാണ്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.പി. മോഹനന്‍, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, എന്‍.എച്ച്.എം. ചീഫ് എഞ്ചിനീയര്‍ അനില, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, പി.ഡബ്ല്യു.ഡി., കെ.എസ്.ഇ.ബി., എച്ച്.എല്‍.എല്‍. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: