അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഒരുകോടി രൂപ സംഭാവന നല്കിമുന് ക്രിക്കറ്റ് താരവും കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍.’മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്നമാണ്. ദീര്‍ഘകാലമായുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഈ യജ്ഞത്തില്‍ എന്റേയും കുടുംബത്തിന്റെയും ചെറിയ സംഭാവന നല്കി’ഗംഭീര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം രാഷ്ട്രപതി രാം നാഥ് കോവിന്ദ് 5 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. രാഷ്ട്രപതി തന്റെ സ്വകാര്യസമ്പാദനത്തില് നിന്നാണ് തുക നല്‍കിയത്.
രാമക്ഷേത്ര നിര്‍മാണത്തിനായി നഗരത്തിലുടനീളം സംഭാവന പിരിക്കാനുള്ള പ്രചരണ പരിപാടി ഡല്‍ഹി ബി.ജെ.പി ആരംഭിച്ചിരിക്കുകയാണ്. ഫെബ്രുവരി 27 വരെയാണ് ക്ഷേത്ര നിര്‍മാണത്തിനായുള്ള ധനസമാഹരണം. ക്ഷേത്ര നിര്‍മാണത്തിന് എത്ര തുക ആവശ്യമായി വന്നാലും അത് ജനങ്ങളുടെ സഹകരണത്തിലൂടെ സമാഹരിക്കാന്‍ സാധിക്കുമെന്നും മറ്റ് മതങ്ങളുടെ അനുയായികളില്‍ നിന്നുള്ള സംഭാവനകളും സ്വീകരിക്കുമെന്നും ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞിരുന്നു.
10, 100, 1000 രൂപ എന്നിങ്ങനെയുള്ള കൂപ്പണുകള്‍ വഴി കഴിയാവുന്നത്ര വീടുകളില്‍നിന്ന് സംഭാവന സ്വീകരിക്കുമെന്ന് ഡല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറിയും ക്യാമ്പെയ്ന് കണ്‍വീനറുമായ കുല്‍ജിത്ത് ചഹല്‍ പറഞ്ഞു.