പാലക്കാട്: കല്യാണ്‍ ജുവലേഴ്‌സ് ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കുകയും മാപ്പപേക്ഷ പ്രസിദ്ധീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാര്‍ നിയമ നടപടികള്‍ ആരംഭിച്ചു. ഡയറക്ടര്‍ രമേഷ്, ചീഫ് ജനറല്‍ മാനേജര്‍ ഷൈജു എന്നിവരെ പ്രതിയാക്കിയാണ് ശ്രീകുമാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
10000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ വി.എ ശ്രീകുമാറാണ് എന്ന നിലയ്ക്ക് കല്യാണ്‍ ജുവലേഴ്‌സാണ് ആദ്യം ശ്രീകുമാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍, ഈ കേസ് ആദ്യം അന്വേഷിച്ച തൃശൂര്‍ വെസ്റ്റ് സ്റ്റേഷനും കല്യാണിന്റെ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് ഈസ്റ്റ് പൊലീസും നടത്തിയ അന്വേഷണത്തിലും ശ്രീകുമാറിന് പങ്കില്ലെന്ന് വ്യക്തമായി. കേസില്‍ നല്‍കിയ കുറ്റപത്രത്തില്‍ ശ്രീകുമാറിന്റെ പേരില്ല. ശ്രീകുമാറിനെ കേസില്‍ അനാവശ്യമായി അകപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ഗൂഢാലോചനയാണ്. കള്ളക്കേസ് കൊടുത്തതിനു പുറമെ മാധ്യമങ്ങളിലൂടെ വലിയ തോതില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.
തനിക്കെതിരെ നല്‍കിയ കള്ളക്കേസിലൂടെ വ്യക്തിപരമായും കരിയറിലും ഉണ്ടായ വലിയ നഷ്ടങ്ങള്‍ ശ്രീകുമാര്‍ അക്കമിട്ടു നിരത്തുന്നുണ്ട്. വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് 10 കോടി രൂപയോളം വരുന്ന കരാറുകള്‍ മുടങ്ങി. കള്ളക്കേസ് നല്‍കിയതില്‍ ക്ഷമാപണം ചോദിച്ചു കൊണ്ട് കല്യാണ്‍ ജുവലേഴ്‌സ് മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലൂടെ മാപ്പ് എഴുതി പ്രസിദ്ധീകരിക്കണം, പേരിനും പ്രശസ്തിക്കുമുണ്ടായ അപമാനം സാമ്പത്തിക നഷ്ടം തുടങ്ങിയവ പരിഹണിച്ച് 1 കോടി രൂപ കല്യാണ്‍ ശ്രീകുമാറിന് നല്‍ണം- നിയമ നടപടികളുടെ ആരംഭമായി അഡ്വ. പി ഗോപിനാഥ് വഴി കല്യാണിന് അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.