കോവിഡിനെതിരെ നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷമാണ് രാജ്യത്ത് വാക്സിൻ വിതരണം കഴിഞ്ഞാഴ്ച ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയിട്ടാണ് വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
ആദ്യ രണ്ടു ദിവസങ്ങളിൽ വാക്സിൻ സ്വീകരിക്കുന്നതിനോട് ആരോഗ്യപ്രവർത്തകർ താത്പര്യം പ്രകടിപ്പിച്ചപ്പോൾ മൂന്നാം ദിവസത്തിന് ശേഷം കോട്ടയം ജില്ലയിൽ ആരോഗ്യ പ്രവർത്തകർ വാക്സിന്‍ സ്വീകരിക്കുന്നതിനോട് വിമുഖത കാണിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ വാക്സിൻ സ്വീകരിക്കാൻ 900 പേർ രജിസ്റ്റർ ചെയ്തെങ്കിലും ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 580 മാത്രമാണ്.
കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കുറയുന്നതിനെപ്പറ്റി ആരോഗ്യ വകുപ്പ് പരിശോധിക്കും. ആരോഗ്യ പ്രവർത്തകർക്കിടയിൽ ചിലര്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്നുണ്ട് എന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടർ ജേക്കബ് വർഗീസ് പറഞ്ഞു. ഈ വിഷയത്തെ പറ്റി അധികൃതരുമായും ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുമെന്നും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകർ എത്താത്ത സാഹചര്യത്തിൽ വാക്സിൻ മറ്റുള്ളവർക്ക് നൽകാൻ പറ്റാത്ത സ്ഥിതിവിശേഷമാണ് നിലവിൽ നിലനിൽക്കുന്നത്. ജില്ലയിലെ പ്രമുഖ ആരോഗ്യപ്രവർത്തകർ മുൻകൈയെടുത്ത് ആദ്യമേ വാക്സിന്‍ സ്വീകരിച്ച് സഹപ്രവർത്തകരുടെ സംശയങ്ങൾ മാറ്റണമെന്ന് ഡിഎംഒ അഭിപ്രായപ്പെട്ടു.