വിഷയം കൊണ്ടും കഥ പറയുന്ന രീതി കൊണ്ടും തമിഴ് സിനിമ ലോക സിനിമയെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ തമിഴ് സിനിമയിൽ പരീക്ഷിക്കാത്ത യാതൊരുവിധ ജോണര്‍ സിനിമയും ഇല്ലെന്നതാണ് സത്യം. എല്ലാത്തരം സിനിമകളെയും സ്വീകരിക്കാനുള്ള മനസ് തമിഴ് സിനിമ ആസ്വാദകരുടെ നിലവാരത്തിൽ വന്ന വർധനയുമായി ചൂണ്ടിക്കാട്ടാം.
താരപരിവേഷമുള്ള നടന്മാരുടെ മാസ്സ് ആക്ഷൻ സിനിമകളെ അവർ സ്വീകരിക്കുമ്പോഴും മറുവശത്ത് ചെറിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന പരീക്ഷണ ചിത്രങ്ങളെയും തീയറ്ററിൽ പോയി കണ്ട വിജയിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.
പിസ, സൂതു കൗ, ജിഗര്‍തണ്ട, മായവന്, കുരങ്ങ് ബൊമ്മൈ മുതലായ ചിത്രങ്ങള്‍ ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളാണ്.
വിഷ്ണു വിശാൽ നായകനായി ആർ രവികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇന്ട്രു നേട്രു നാളൈ തമിഴ് സിനിമയിലെ ലക്ഷണമൊത്ത ഒരു ടൈം ട്രാവൽ മൂവി ആയി പരിഗണിക്കാം. വലിയ വിജയം നേടിയ ചിത്രത്തിൻറെ രണ്ടാം ഭാഗം അണിയറപ്രവർത്തകർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷ്ണു വിശാല്‍ നായകനായെത്തുന്ന രണ്ടാംഭാഗത്തിൽ കരുണാകരൻ ശ്രദ്ധേയമായ വേഷത്തിൽ കൂടെ തന്നെയുണ്ട്. ആദ്യഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്ത രവികുമാർ രണ്ടാംഭാഗത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കുമ്പോൾ സംവിധാനം ചെയ്യുന്നത് കാർത്തിക് ആണ്.