പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പന നടത്തിയ കേസില്‍ എന്‍ജിനീയറടക്കം രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. എന്‍ജിനീയറായ നീരജ് കുമാര്‍ യാദവ്, കുല്‍ജീത് സിങ് മക്കാന്‍ എന്നിവരെയാണ് സിബിഐയുടെ പ്രത്യേക വിഭാഗം അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്തുവെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്. ഇരുവരേയും കോടതി ഈ മാസം 22 വരെ റിമാന്‍ഡ് ചെയ്തു.
വാട്‌സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ വഴിയാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. കുട്ടികളുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തതായും സിബിഐ കണ്ടെത്തി.
പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയവയിലൂടെയായിരുന്നു പണമിടപാട് നടത്തിയിരുന്നത്. വില്‍പന നടത്തുന്ന ദൃശ്യങ്ങളുടെ ഉള്ളടക്കങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യം ചെയ്യുകയും ചെയ്തിരുന്നു.