Lead NewsNEWS

ഏഷ്യാനെറ്റിൽ മുന്‍ഷിയായി വേഷമിട്ട കെ.പി.എസ് കുറുപ്പ് അന്തരിച്ചു

ഷ്യാനെറ്റ് ന്യൂസ് ചാനലിൽ ആക്ഷേപ ഹാസ്യപരിപാടി ‘മുന്‍ഷി’ യിൽ ആദ്യമായി ‘മുന്‍ഷി’യെ അവതരിപ്പിച്ച പരവൂർ കുറുമണ്ടൽ അശ്വതിയിൽ കെ.ശിവശങ്കരക്കുറുപ്പ് എന്ന കെ.പി.എസ് കുറുപ്പ് അന്തരിച്ചു. 93 വയസ്സായിരുന്നു. മുന്‍ഷിയില്‍ ആദ്യത്തെ പത്ത് വര്‍ഷം ഈ കേന്ദ്രകഥാപാത്രത്തെ ഇദ്ദേഹമായിരുന്നു അവതരിപ്പിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയാണ്.

കെ.പി.എ.സി.യുടെ ഇരുമ്പുമറയെന്ന നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിച്ചു. ആൾ ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ സംവിധാനം ചെയ്ത ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ ഇന്ദ്രനായി അഭിനയിച്ചു .
തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ, കെ.പി.കുമാരൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചു. കൊടിയേറ്റം, സ്വയംവരം, മതിലുകള്‍ എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയും വേട്ട, മാണിക്യം എന്നീ സീരിയലുകളിലും അഭിനയിച്ചു.

Signature-ad

‘മുന്‍ഷി’ യില്‍ ആദ്യത്തെ 10 വര്‍ഷം തുടര്‍ച്ചയായി ‘മുന്‍ഷി’യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പി ച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോ ടെ ഈ കഥാപാത്രത്തില്‍ നിന്ന് മാറുകയായിരുന്നു. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനിൽ പബ്ളിസിറ്റി ഓഫീസറായിരുന്ന അദ്ദേഹം, വിരമിച്ചശേഷവും അഭിനയരംഗത്ത് തുടർന്നു. 73-ാമത്തെ വയസ്സിലാണ് ഏഷ്യാനെറ്റിൽ മുൻഷിയായി അഭിനയിക്കാൻ എത്തിയത്.

2000 സെപ്തംബർ 14 ന് ആണ് ഏഷ്യാനെറ്റിൽ മുൻഷി ആരംഭിച്ചത്. തുടർച്ചയായി ഏറ്റവുമധികം എപ്പിസോഡുകള്‍ പ്രക്ഷേപണം ചെയ്യപ്പെട്ട ടെലിവിഷന്‍ പരിപാടി എന്ന നിലയില്‍ ലിംക ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ മുൻഷി ഇടം നേടി. കെപിഎസ് കുറുപ്പ് പിന്മാറിയപ്പോള്‍ എവികെ മൂസതായിരുന്നു പിന്നീട് മുന്‍ഷിയായി അഭിനയിച്ചത്. മൂസത് 2013ല്‍ അന്തരിച്ചു.

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായിരുന്ന പരേതനായ പി.എൻ.പണിക്കരുടെ മകൾ പരേതയായ ലീലാകുമാരിയാണ് ഭാര്യ. മക്കൾ: ഗോപീകൃഷ്ണൻ (റിട്ട. ചലച്ചിത്ര അക്കാദമി), ശ്രീകല (റിട്ട. അധ്യാപിക), വിശാഖ് (ഏഷ്യാനെറ്റ്). മരുമക്കൾ: സതികുമാരി, പരമേശ്വരൻ പിള്ള, മിനി. ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ ശവസംസ്കാരം നടക്കും.

Back to top button
error: