
നിയമസഭാംഗങ്ങള്‍ക്ക് നല്കുന്ന നിയമപരിരക്ഷ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നല്കികൊണ്ട് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് സ്പീക്കറുടെ അസി. സെക്രട്ടറി കെ. അയ്യപ്പന് സംരക്ഷണം ഒരുക്കുന്ന നിയമസഭാ സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കെ. സി ജോസഫ് എംഎല്‍എ.
നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷ നല്കുന്ന ചട്ടം 165 വളച്ചൊടിച്ചാണ് ജീവനക്കാരനെ സംരക്ഷിക്കാന്‍ നോക്കുന്നത്. നിയമസഭയുടെ പരിധിയിലുള്ളവര്‍ക്കെതിരേ സിവിലോ, ക്രിമിനലോ ആയ നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍ സ്പീക്കറുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് ചട്ടം. നിയമസഭാംഗങ്ങള്‍ക്കു മാത്രമുള്ളതാണ് ഇതിന്റെ പരിരക്ഷ. ഇത് സ്പീക്കറുടെ സ്റ്റാഫിനും കൂടി ബാധകമാക്കുകയാണ് ജുഡീഷ്യല്‍ ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി ചെയ്തത്.
രണ്ടു തവണ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്കിയിട്ടും ഹാജരായില്ല. മൂന്നാം തവണ നോട്ടീസ് നല്കിയപ്പോഴാണ് നിയമസഭാ സെക്രട്ടറി തികച്ചും തെറ്റായ ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും പല തവണ ഒഴിഞ്ഞുമാറിയിരുന്നു.
ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സംശയം ഉണ്ടാകുകയാണു ചെയ്യുന്നത്. സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും ഇപ്പോള്‍ സംശയനിഴലിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്പീക്കറുടെ ഓഫീസും സംശയനിഴലിലാകുന്നതെന്നു കെസി ജോസഫ് ചൂണ്ടിക്കാട്ടി.






