പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ (പി.ഡബ്ല്യു.സി) രണ്ടു വര്‍ഷത്തെ വിലക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള സര്‍ക്കാര്‍ നടപടിക്കെതിരായ സ്റ്റേ നാലാഴ്ചത്തേക്ക് കൂടി ഹൈകോടതി നീട്ടി.
കേരള സ്റ്റേറ്റ് െഎ.ടി ഇന്‍ഫ്ര സ്ട്രെക്ചര്‍ ലിമിറ്റഡിെന്റ (കെ.എസ്.െഎ.ടി.െഎ.എല്‍) സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് (പി.എം.യു) നടത്തുന്ന തങ്ങളുടെ ഭാഗം കേല്‍ക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ഡബ്ല്യു.സി ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജിയില്‍ നേരത്തെ തന്നെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.
ഐ.ടി വകുപ്പിന് കീഴിലുളള സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന്റെ നിയമനത്തിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ഡബ്യൂ.സിയെ വിലക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സ്വപ്ന സുരേഷിന്റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കെ ഫോണ്‍ പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിനെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സ്പേസ് പാര്‍ക്ക് പദ്ധതിയിലെ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് (പി.എം.യു) എന്ന നിലയില്‍ പി.ഡബ്ല്യു.സിക്കായിരുന്നു കരാര്‍. ഇവിടെ നിയമിക്കുന്നവരുടെ പൂര്‍ണ ഉത്തരവാദിത്തം പി.ഡബ്ല്യു.സിക്കാണെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തയാളെ പശ്ചാത്തലം പോലും പരിശോധിക്കാതെ നിയമിെച്ചന്നത് കരാര്‍ വ്യവസ്ഥകളിലെ ഗുരുതര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മറ്റ് െഎ.ടി പദ്ധതികളിലും വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
സ്പേസ് പാര്ക്കിന് പുറമേ, കെ-ഫോണ്‍ പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് (പി.എം.യു) കരാറും പി.ഡബ്ല്യു.സിക്കുണ്ടായിരുന്നു. 2018 ഡിസംബര്‍ ഒന്നിന് ആരംഭിച്ച കരാര്‍ കാലാവധി 2020 നവംബര്‍ 30ന് അവസാനിച്ചിരുന്നു.