കുടുംബജീവിതത്തിൽ സ്വത്തുതർക്കം അത്ര അസ്വാഭാവികമല്ല. ചില കുടുംബങ്ങളിൽ അത് സംഭവിക്കുന്നുമുണ്ട്. പക്ഷേ മധ്യപ്രദേശിലെ ഒരു പിതാവ് വാർത്തയിൽ ഇടം പിടിച്ചത് തന്റെ മകന് കൊടുക്കേണ്ട ഓഹരി പട്ടിക്ക് കൊടുത്തുകൊണ്ടാണ്.
50 വയസ്സുള്ള കർഷകനാണ് ഓം നാരായണ വർമ്മ. തനിക്ക് പൈതൃകമായി കിട്ടിയ രണ്ട് ഏക്കർ ഭൂമി അദ്ദേഹം ജാക്കി എന്ന തന്റെ പട്ടിയുടെ പേരിൽ എഴുതി വെച്ചു. മകന്റെ പെരുമാറ്റദൂഷ്യം കൊണ്ടാണ് താനിത് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബാക്കി സ്വത്തുക്കളെല്ലാം 47 കാരിയായ ഭാര്യ ചമ്പയുടെ പേരിലാണ് എഴുതിവച്ചിരിക്കുന്നത്. തന്റെ അനന്തരാവകാശി ആയി കർഷകൻ എഴുതിവച്ചിരിക്കുന്നതും പട്ടിയുടെ പേരാണ്.
” എന്റെ ഭാര്യ ചമ്പയും പട്ടി ജാക്കിയും എന്നെ നന്നായി സ്നേഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഞാൻ ആരോഗ്യവാനാണ്. ഇരുവരും എനിക്ക് പ്രിയപ്പെട്ടവരാണ്. “തന്റെ മരണശേഷം പട്ടി അനാഥനാകരുത് എന്ന് അദ്ദേഹം പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
പട്ടിയെ സുരക്ഷിതമാക്കാൻ വേണ്ടി വേറെയും ചില കാര്യങ്ങൾ വർമ്മ എഴുതി വച്ചിട്ടുണ്ട്. തന്റെ കാലശേഷം പട്ടിയെ നോക്കുന്ന ആൾക്ക് പട്ടിയുടെ മരണശേഷം ആ രണ്ട് ഏക്കർ ഭൂമി സ്വന്തമാക്കാമെന്നാണ് വില്പത്രം.
എന്തായാലും ഗ്രാമമുഖ്യൻമാരൊക്കെ വർമ്മയുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ തൽക്കാലം ഈ വിൽപ്പത്രത്തിൽ നിന്ന് വർമ്മ പിന്മാറിയിരിക്കുകയാണ്.