പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ ഈ അധ്യയന വര്‍ഷം (2020-21) പുതുതായി 1.75 ലക്ഷം കുട്ടികള്‍ പ്രവേശനം നേടി. ഈ വര്‍ഷത്തെ കുട്ടികളുടെ കണക്കെടുപ്പിനുശേഷമുള്ള പ്രാഥമിക വിലയിരുത്തലാണിത്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കാന്‍ തുടങ്ങിയ ശേഷം നാലു വര്‍ഷത്തിനുള്ളില്‍ 6.8 ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി വന്നത്.
ഈ വര്‍ഷം ഒന്നാം ക്ലാസില്‍ മാത്രം 8170 കുട്ടികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായി പ്രവേശനം നേടി. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ് – മുന്‍വര്‍ഷത്തേക്കാള്‍ 43,789 കുട്ടികള്‍ അധികം. എട്ടാം ക്ലാസില്‍ അധികമായി വന്നത് 35,606 കുട്ടികളാണ്. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 1,75,074 കുട്ടികള്‍ അധികമായി പ്രവേശനം നേടി. ഈ മേഖലയില്‍ 33,75,304 ലക്ഷം കുട്ടികളാണ് ഇപ്പോഴുള്ളത്. മൊത്തം കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47,760 പേരുടെ വര്‍ധനയുണ്ടായി. അതേസമയം അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 91,510 പേരുടെ കുറവുണ്ടായി.
കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ’ സ്കൂള്‍ മാനേജ്മെന്‍റ് പോര്‍ട്ടല്‍ വഴി ഡിസംബര്‍ 28 വരെ രേഖപ്പെടുത്തിയ കണക്കുകളാണിത്. ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകളില്‍ മികച്ച അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുകയും പഠന നിലവാരം ഉയര്‍ത്തുകയും ചെയ്തതിന്‍റെ ഫലമാണ് ഈ പുത്തന്‍ ഉണര്‍വെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിജിറ്റല്‍ സൗകര്യങ്ങളാണ് ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലുള്ളത്.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട കുട്ടിക്കുപോലും ആഗോളനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന സാമൂഹ്യകാഴ്ചപാടിന്‍റെ ഭാഗമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പാക്കിയത്. പൊതുജനങ്ങളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഈ യജ്ഞത്തിന് അകമഴിഞ്ഞ പിന്തുണ ലഭിച്ചു. കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവര്‍ത്തനത്തിനാണ് ഇതുവഴി സര്‍ക്കാര്‍ തുടക്കമിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.