Lead NewsNEWS

ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ആണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം റൂറല്‍ എസ് പി ബി അശോകിനാണ് അന്വേഷണ ചുമതല.

ജനുവരി നാലുവെര സ്ഥലം ഒഴിയുന്നതിന് സാവകാശം നല്‍കികൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിന് വിരുദ്ധമായി പോലീസ് പ്രവര്‍ത്തിച്ചു. റവന്യൂ ഉദ്യോഗസ്ഥരാരും തന്നെ പോലീസിനൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി എത്തിയില്ലെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കുടിയൊഴിപ്പാക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ലൈറ്റര്‍ തട്ടി മാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ ഇരുവരുടെയും ദേഹത്ത് തീപടര്‍ന്നു. വളരെ പ്രയാസപ്പെട്ട് തീ കെടുത്തി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ രാജനും വൈകുന്നേരത്തോടെ അമ്പിളിയും മരിച്ചു. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റു.

ഒഴിപ്പിക്കല്‍ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മകന്‍ രഞ്ജിത്ത് രംഗത്തെത്തി. നേരത്തേയും സ്ഥലം ഒഴിപ്പിക്കാനായി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. പൊലീസിനെ പേടിപ്പിച്ച് പിന്‍തിരിപ്പിക്കാന്‍ മാത്രമാണ് അച്ഛന്‍ ശ്രമിച്ചത്. ഇരുവരുടെയും മരണത്തിന് കാരണം പൊലീസാണെന്നും മകന്‍ പറഞ്ഞു.

Back to top button
error: