ജനതികമാറ്റം വന്ന അതിവേഗ കൊവിഡ് ഇന്ത്യയിലും സ്ഥിരീകരിച്ചു. യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറ് പേര്‍ക്കാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം .
ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും. രാജ്യത്ത് അതിവേഗ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുല്‍ ജാഗ്രതകളിലേക്ക് കടക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസ് ഇന്ത്യ നേരത്തെ നിരോധിച്ചിരുന്നു. യൂറോപ്പിലേക്ക് മുഴുവനായുള്ള യാത്രകള്‍ക്ക് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
പുതുതായി രോഗം സ്ഥിരീകരിച്ചവരെ കനത്ത നിരീക്ഷണത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ വലിയ മെട്രോ നഗരങ്ങളിലാണ് രോഗം സ്ഥിരീകരിച്ചതെന്നത് ആശങ്ക പരത്തുന്നു. ഇവരില്‍ നിന്ന് വൈറസ് വ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ടെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് വൈറസിനേക്കാള്‍ 70 മടങ്ങ് വേഗതയില്‍ പകരുന്ന വൈറസാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ലോകത്ത് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനുകള്‍ പുതിയ വൈറസിന് പര്യാപ്തമല്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും വാക്‌സിനുകള്‍ക്ക് പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നുമാണ് ലോകാരോഗ്യസംഘടന പറയുന്നത്.