സൂപ്പർസ്റ്റാർ രജനീകാന്തിനെ പിന്തുണയ്ക്കാൻ കരുണാനിധിയുടെ മൂത്ത മകൻ എംകെ അഴകിരി. രജനീകാന്ത് ഹൈദരാബാദിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തിയാൽ താൻ കൂടിക്കാഴ്ച നടത്തുമെന്ന് അഴഗിരി വ്യക്തമാക്കി. രണ്ടാം യുപിഎ മന്ത്രിസഭയിൽ അംഗമായിരുന്ന അഴഗിരി ഡിഎംകെ യിലേക്ക് ഇല്ലെന്നും പറഞ്ഞു.
കഴിഞ്ഞദിവസം ഗോപാലപുരത്ത് കുടുംബവീട്ടിൽ വച്ച് അഴഗിരി അമ്മ ദയാലു അമ്മാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയിൽ ആയിരുന്ന അഴഗിരി കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമല്ല.
“ഒരു പുതിയ പാർട്ടി വേണമെന്ന് അണികൾ ആവശ്യപ്പെട്ടാൽ താൻ രൂപീകരിക്കും. ഒരിക്കലും ഡിഎംകെയെ പിന്തുണയ്ക്കില്ല. ഡിഎംകെയിൽ ചേരാനും പദ്ധതിയില്ല.” അഴകിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സഹോദരൻ എം കെ സ്റ്റാലിനുയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അഴഗിരിയെ ഡി എം കെയിൽ നിന്ന് പുറത്താക്കിയത്. ഡിഎംകെയിൽ കരുണാനിധി ശക്തൻ ആയിരിക്കുമ്പോൾ തന്നെയാണ് അഴഗിരിയെ പുറത്താക്കിയത്. അന്ന് തെക്കൻ മേഖലയുടെ സംഘടനാ സെക്രട്ടറി ആയിരുന്നു അഴകിരി. അഴഗിരിക്ക് പാർട്ടിയിൽ യാതൊരുവിധ സ്ഥാനങ്ങളും ഉണ്ടായിരിക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടി കരുണാനിധി അന്ന് വാർത്താസമ്മേളനം നടത്തിയിരുന്നു.