നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്‍കി ട്രംപ് സര്‍ക്കാര്‍
ഇരുരാജ്യങ്ങളുടെയും നയതന്ത്രപരമായ പങ്കാളിത്തം ഉയര്‍ത്തുന്നതിലും ആഗോള ശക്തിയായി ഇന്ത്യയെ മാറ്റുന്നതിലും പ്രധാന പങ്കുവഹിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് പുരസ്കാരം നല്‍കി ആദരിച്ച് ട്രംപ് സര്‍ക്കാര്‍.
തിങ്കളാഴ്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒ’ബ്രിയനില്‍ നിന്നും പ്രധാനമന്ത്രിക്ക് വേണ്ടി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത്ത് സിംഗ് പുരസ്‌കാരം സ്വീകരിച്ചു. ഇന്ത്യ-യുഎസ് ബന്ധം ദൃഢമാക്കി നിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് പുരസ്‌കാരം നല്‍കിയതിനു ശേഷം റോബര്‍ട്ട് ഒ’ബ്രിയന്‍ ട്വീറ്റ് ചെയ്തു. മറ്റ് രാഷ്ട്ര തലവന്മാര്‍ക്ക് അമേരിക്ക നല്‍കുന്ന അപൂര്‍വ ബഹുമതിയാണ് ലീജിയണ്‍ ഓഫ് മെറിറ്റ്.
ഇന്ത്യന്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും മുന്‍ ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും നേരത്തെ അമേരിക്ക ഈ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.