“വളരുന്തോറും പിളരും പിളരും തോറും വളരും “എന്ന് കേരള കോൺഗ്രസിനെ കുറിച്ച് ആളുകൾ പറയാറുണ്ട്.കെഎം മാണി തന്നെയാണ് ഇതിന് തുടക്കമിട്ടത്.അദ്ദേഹത്തിന്റെ സിദ്ധാന്തം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു വരികയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോസ് വിഭാഗം എൽഡിഎഫിലേക്ക് ചേക്കേറിയത്.ജോസ് വിഭാഗത്തിന് മധ്യ കേരളത്തിൽ നല്ല പരിഗണനയും എൽഡിഎഫ് നൽകി.ജോസഫിനും കോട്ടയം അടക്കമുള്ള ജില്ലകളിൽ നല്ല പരിഗണനയാണ് യുഡിഎഫ് നൽകിയത്.ഫലത്തിൽ ഒന്നിച്ചുനിന്ന് ലഭിച്ചതിനേക്കാൾ സീറ്റുകൾ ഇരുപാർട്ടികൾക്കും ലഭിച്ചു.
2015ൽ മാണി-ജോസഫ് വിഭാഗങ്ങൾ ഒരുമിച്ചു നിന്നപ്പോൾ ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും ആയി കേരള കോൺഗ്രസ് എമ്മിന് കോട്ടയത്ത് ലഭിച്ചത് 217 സീറ്റുകളാണ്.ഇക്കുറി ജോസ് വിഭാഗത്തിന് മാത്രം 219 പേരെ വിജയിപ്പിക്കാൻ ആയി.99പേരെ ജയിപ്പിക്കാൻ ജോസഫിനും ആയി.അങ്ങനെ 318 സീറ്റുകളിൽ വിജയം സ്ഥാപിക്കാൻ കേരള കോൺഗ്രസ് വിഭാഗങ്ങൾക്ക് കഴിഞ്ഞു
പാല നിലനിർത്തുകയും കടുത്തുരുത്തിയിൽ മോൻസ് ജോസഫിന്റെ കുത്തക തകർക്കുകയും ചെയ്തത് ജോസ് വിഭാഗത്തിന് നേട്ടമായി.2015ൽ കടുത്തുരുത്തിയിൽ കേരള കോൺഗ്രസിന് ലഭിച്ചത് 58 ഗ്രാമപഞ്ചായത്ത് അംഗങ്ങളാണ് .എന്നാൽ ഇത്തവണ ജോസ് കെ മാണി വിഭാഗം മാത്രം 52 വാർഡുകൾ പിടിച്ചു.വെറും 14 വാർഡുകളിൽ മാത്രമാണ് ജോസഫിന് വിജയിക്കാനായത്. മൂന്നു ഗ്രാമപഞ്ചായത്തുകളിൽ ഭരണം ഉണ്ടായിരുന്ന എൽഡിഎഫിന് ജോസഫ് വിഭാഗത്തിന്റെ കടന്നു വരവോടെ ആറ് പഞ്ചായത്തുകളിൽ ഭരണമായി.8 പഞ്ചായത്തുകൾ കൈവശമുണ്ടായിരുന്ന യുഡിഎഫ് നാലിലേയ്ക്ക് ചുരുങ്ങി.കിടങ്ങൂരിൽ യുഡിഎഫിനും എൽഡിഎഫിനും ബിജെപിക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ്.
ഇടുക്കിയിൽ നേട്ടം ജോസഫിന് തന്നെ.ജോസ് വിഭാഗത്തേക്കാൾ ഇരട്ടിയോളം സീറ്റുകൾ പാർട്ടി നേടി.പഞ്ചായത്തുകളിൽ ജോസഫ് വിഭാഗത്തിന് 84 സീറ്റുകളും ബ്ലോക്ക് പഞ്ചായത്തുകളിൽ 12 സീറ്റുകളാണ് ലഭിച്ചത്.ജോസിന് ആകട്ടെ 47 സീറ്റുകൾ പഞ്ചായത്തിലും ആറ് സീറ്റുകൾ ബ്ലോക്ക് പഞ്ചായത്തിലും ലഭിച്ചു.ജില്ലാ പഞ്ചായത്തിലെ നാല് സീറ്റുകൾ ജോസഫ് വിഭാഗത്തിനാണ്.ജോസിന് ആകട്ടെ ഒരു സീറ്റും.