യുവനടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കീഴടങ്ങിയേക്കും: മാപ്പ് പറയാന്‍ തയ്യാറെന്നും പ്രതികള്‍

കൊച്ചിയിലെ മാളില്‍ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതികള്‍ ഉടന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പ്രതികള്‍ അറിയിച്ചു. നിയമോപദേശം കിട്ടിയതുകൊണ്ടാണ് പ്രതികളിപ്പോള്‍ ഒളിവില്‍ കഴിയുന്നതെന്നും അറിയിച്ചു

മാളിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് നടിയെ കണ്ടതെന്നും മറ്റൊരു കുടുംബം ഫോട്ടോ എടുക്കുന്നത് കണ്ടപ്പോഴാണ് അടുത്ത് പോയി എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. നടിയുടെ സഹോദരിയാണ് മറുപടി നല്‍കിയത്. അപ്പോള്‍ തന്നെ തിരിച്ചു പോന്നിരുന്നുവെന്നും നടിയെ പിന്തുടര്‍ന്നിട്ടില്ലെന്നും പ്രതികള്‍ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. നടിയുടെ ശരീരത്തില്‍ മനപൂര്‍വ്വം സ്പര്‍ശിച്ചിട്ടില്ലെന്നും പ്രതികള്‍ പറഞ്ഞു. എന്തെങ്കിലും തെറ്റിധാരണ സംഭവിച്ചിട്ടുണ്ടെങ്കില്‍ സംഭവത്തില്‍ നടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നും പ്രതികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയത്. പ്രതികള്‍ മലപ്പുറം സ്വദേശികളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. സൈബല്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് സംശയിക്കുന്നവര്‍ തന്നെയാണ് പ്രതികളെന്ന് സ്ഥിരീകരിച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.

മാളിലെ പ്രവേശന കവാടത്തില്‍ ഇവര്‍ മൊബൈല്‍ നമ്പര്‍ നല്‍കാതെ പോയതാണ് കേസില്‍ പോലീസിനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. പ്രതികളിലേക്കെത്താനുള്ള എല്ലാ സാഹചര്യങ്ങളും ഇതോടെ പോലീസിന്റെ മുന്നില്‍ അടയുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചിരുന്നുവെങ്കിലും ഇവര്‍ പ്രായപൂര്‍ത്തിയായവരാണോ എന്നുറപ്പില്ലാത്ത സാഹചര്യത്തിലാണ് പുറത്ത് വിടാതിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *