ഇന്ത്യയെ ഹോളിവുഡ് സിനിമകള്‍ കാണിച്ച എച്ച്ബിഒ വിടവാങ്ങുന്നു
പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്ബിഒയും ഡബ്ലുബിയും ഇന്ത്യയിലേയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെയും സംപ്രേക്ഷണം അവസാനിപ്പിച്ചു. ഇന്നലെയോടെയാണ് ചാനലുകള്‍ സംപ്രേക്ഷണം അവസാനിപ്പിച്ചത്.
ഒക്ടോബറില്‍ എച്ച്ബിഒയുടെ സംപ്രേക്ഷണം അവസാനിപ്പിക്കുമെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷണല്‍ അറിയിച്ചിരുന്നു. മാത്രമല്ല ഡിസംബര്‍ 15ന് ശേഷം ചാനലുകള്‍ കാണില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്‍ പ്രകാരമാണ് ഇന്നലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. വാര്‍ണര്‍ മീഡിയായുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോം എച്ച്ബിഒ മാക്‌സിന്റെ ഇന്ത്യയിലേക്കുളള വരവിന് മുന്നോടിയായാണ് സംപ്രേക്ഷണം അവസാനിപ്പിച്ചത്. അടുത്ത വര്‍ഷത്തേക്ക് എച്ച്ബിഒ മാക്‌സ് ഇന്ത്യയിലെത്തും.
രണ്ട് പതിറ്റാണ്ട് നീണ്ട ഇന്ത്യയിലെ സംപ്രേഷണകാലമാണ് എച്ച്ബിഒ ഇതോടെ അവസാനിപ്പിക്കുന്നത് ഇത് വളരെ കടുപ്പമേറിയ തീരുമാനമായിരുന്നുവെന്ന് വാര്‍ണര്‍ മീഡിയയുടെ സൗത്ത് ഏഷ്യ എംഡി സിദ്ധാര്‍ഥ് ജയിന്‍ വ്യക്തമാക്കി.
കുട്ടികളുടെ ചാനലുകളായ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിന്റെയും പോഗോയുടെയും മേല്‍നോട്ടത്തിനായി വാര്‍ണര്‍ മീഡിയയുടെ മുംബൈ, ഡല്‍ഹി, ബെംഗളൂരു ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. വാര്‍ത്താ ചാനലായ സിഎന്‍എന്‍ ഇന്റര്‍നാഷണലിന്റെ ഓപറേഷന്‍സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിക്കും.