ഭര്‍തൃവീട്ടുകാരുടെ ചെരിപ്പുകടക്ക് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം: സ്ഥലത്തെത്തിയവര്‍ സമരത്തെ അനുകൂലിച്ചും എതിര്‍ത്തും ഏറ്റുമുട്ടി..
സുള്ള്യ: ഭര്‍തൃവീട്ടുകാരുടെ ഉടമസ്ഥതയിലുള്ള ചെരിപ്പുകടക്കുമുന്നില്‍ രാത്രി യുവതി ആരംഭിച്ച കുത്തിയിരിപ്പ് സത്യാഗ്രഹത്തെ ചൊല്ലി രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ലാത്തി വീശി രണ്ടുവിഭാഗങ്ങളെയും വിരട്ടിയോടിച്ചു.
വ്യാഴാഴ്ച രാത്രി സുള്ള്യയിലെ ചെരിപ്പുകടക്ക് മുന്നിലാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ കയറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ആസിയ എന്ന യുവതി ചെരിപ്പുകടക്കുമുന്നില്‍ വ്യാഴാഴ്ച രാത്രി മുതല്‍ സത്യാഗ്രഹം തുടങ്ങിയത്. ഇതോടെ നിരവധി പേര്‍ അവിടെ തടിച്ചുകൂടുകയും ചേരി തിരിഞ്ഞ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പ്രശ്നം കയ്യാങ്കളിയിലെത്തുകയുമായിരുന്നു.
പൊലീസ് ഇടപെട്ട് ആസിയയുമായും ഭര്‍ത്താവിന്റെ വീട്ടുകാരുമായും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും അനുരഞ്ജന ശ്രമം വിജയിച്ചില്ല. ഇതോടെയാണ് യുവതി സമരത്തിനിറങ്ങിയത്. വനിതാപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള ആളുകള്‍ ആസിയക്ക് പിന്തുണയുമായെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മറ്റുചിലയാളുകള്‍ സമരത്തെ എതിര്‍ത്തു. ഇതോടെ ഉന്തും തള്ളും നടക്കുകയും പൊലീസ് ഇടപെടുകയുമായിരുന്നു.
മറ്റൊരു മതവിഭാഗത്തില്‍ പെട്ട യുവതി ആസിയ എന്ന പേര് സ്വീകരിച്ച് മതംമാറുകയും സുള്ള്യ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടുകാര്‍ യുവതിയെ സ്വീകരിക്കാന്‍ വിസമ്മതിച്ചതാണ് യുവതിയെ സത്യാഗ്രഹത്തിന് പ്രേരിപ്പിച്ചത്.